പെരിയ: കാസർകോട്ടെ പെരിയയിൽ റോഡ് പണിക്ക് ശേഷം ഉപേക്ഷിച്ച ടാർ വീപ്പയിൽ വീണ 12കാരിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ടാർവീപ്പയിൽ വീണ 12 വയസ്സുകാരിയെയാണ് അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചത്. പുക്കളത്തെ ബന്ധുവീട്ടിലെത്തിയ തൃക്കരിപ്പൂർ മാണിയാട് സ്വദേശിനിയായ പെൺകുട്ടിയാണ് വീപ്പയ്ക്കകത്തെ ടാറിൽ വീണത്.
റോഡ് ടാറിങ്ങിനുശേഷം ബാക്കിയായ ടാർ വീപ്പയിൽ പുക്കളത്തെ മൈതാനത്ത് സൂക്ഷിച്ചിരുന്നു. ഈ ടാർവീപ്പയിലേക്കാണ് കളിക്കുന്നതിനിടെ കയറിയപ്പോൾ കുട്ടി അതിലകപ്പെട്ടത്. കാൽമുട്ടുവരെ ടാറിൽ പൂണ്ടതിനാൽ കുട്ടിക്ക് അനങ്ങാനായില്ല. നാട്ടുകാർ രക്ഷിക്കാനായി എത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സിവിൽ ഡിഫൻസ് അംഗം ആർ സുധീഷ് കാഞ്ഞങ്ങാട്ടുള്ള അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തുംവരെ നാട്ടുകാർ കുട്ടിയെ താങ്ങിപ്പിടിച്ചുനിന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.
അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി കട്ടിങ് യന്ത്രം ഉപയോഗിച്ച് ടാർവീപ്പ ചെറിയ കഷണങ്ങളായി മുറിച്ച് നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണെണ്ണയൊഴിച്ച് നേർപ്പിച്ച ശേഷമാണ് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കാൽ ടാറിൽനിന്ന് ഇളക്കിയെടുത്തത്.
കാലിൽ പുരണ്ട ടാർ പൂർണമായും മണ്ണെണ്ണയിൽ വൃത്തിയാക്കിയ ശേഷം അഗ്നിരക്ഷാസേന മടങ്ങുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിഎൻ വേണുഗോപാലൻ, വിവി ദിലീപ്, ജിഎ ഷിബിൻ, മുഹമ്മദ് അജ്മൽ ഷാ, ഡ്രൈവർ കെപി നസീർ, ഹോം ഗാർഡുമാരായ പി കൃഷ്ണൻ, വി സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Discussion about this post