അഹമ്മദാബാദ്: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടും കോവിഡ് ബാധിതനായി ആരോഗ്യപ്രവർത്തകൻ. ഗുജറാത്തിലാണ് സംഭവം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ജനുവരി 16നാണ് ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി 15ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
എന്നാൽ, പിന്നീട് കടുത്ത പനി തുടങ്ങിയതോടെ സാമ്പിളുകൾ കോവിഡ് പരിശോധനക്കായി അയക്കുകയായിരുന്നു. ഫെബ്രുവരി 20ന് ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നതായി ഗാന്ധിനഗർ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
കോവിഡ് ബാധിച്ച് വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായതായും തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും സിഎച്ച്ഒ കൂട്ടിച്ചേർത്തു.
അതേസമയം, വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചതിന് ശേഷം വൈറസിനെതിരായ ആന്റിബോഡി രൂപപ്പെടാൻ സാധാരണയായി 45 ദിവസമെടുക്കും. അതിനാൽ വാക്സിൻ സ്വീകരിച്ചതിന് ശേഷവും മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post