കോഴിക്കോട് എൻഐടിയിൽ വിഷ്ണു ബിടെക്ക് അവസാനവർഷം പഠിക്കുമ്പോളാണ് കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടർ ബ്രോ കംപാഷണേറ്റ് കോഴിക്കോട് എന്ന പ്രോജക്ട് അവതരിപ്പിക്കുന്നത്. ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് എത്രയും വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി ചെറിയ കാലയളവിൽ തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. വിഷ്ണുവിന്റെ ശ്രദ്ധ കുറച്ചധികവും. ഐഎഎസ് എന്ന സ്വപ്‌നം വിഷണുവിന്റെ മനസ്സിൽ ആദ്യമായി ഉടലെടുക്കുന്നത് ആ സമയത്താണ്. ജനങ്ങൾക്ക് പ്രിയങ്കരനായ ഒരു കളക്ടർ ആവുക എന്ന ആഗ്രഹത്തിന് അങ്ങനെ കളക്ടർ ബ്രോ ഒരു നിമിത്തമായി.
എന്നാൽ എംടെക്കിന് ഡൽഹി ഐഐടിയിൽ അഡ്മിഷൻ കിട്ടിയതോടെ ആ ആഗ്രഹം മനസ്സിലിട്ട് വിഷ്ണു ഡൽഹിയ്ക്ക് വണ്ടികയറി. എംടെക്ക് പഠിക്കുന്ന സമയത്താണ് ഐഎഎസ് എന്ന ആഗ്രഹം വീണ്ടും ശക്തമാകുന്നത്. അങ്ങനെ 2017ൽ ആദ്യമായി വിഷ്ണു പ്രിലിമിനറി അറ്റംപ്റ്റ് ചെയ്തു. അത് വിജയിച്ചെങ്കിലും മെയിൻസിൽ പരാജയപ്പെട്ടു.
എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നായതിനാൽ മാത്‌സ് ആണ് വിഷ്ണു ഓപ്ഷണൽ ആയി തിരഞ്ഞെടുത്തത്. ആദ്യത്തെ തവണ മെയിന്‌സ് എഴുതുമ്പോൾ 70 ശതമാനം മാത്രമാണ് ഓപ്ഷണൽ കവർ ചെയ്യാൻ പറ്റിയിരുന്നത്.ആ അറ്റംപ്റ്റിൽ പരാജയപ്പെട്ടതും ഈ കാരണം കൊണ്ടാണെന്നാണ് വിഷ്ണുവിന്റെ വിലയിരുത്തൽ. എന്നാൽ രണ്ടാമത്തെ അറ്റംപ്റ്റിൽ കുറച്ചുകൂടി തയ്യാറെടുത്തു. പരീക്ഷയ്ക്ക് പ്രധാന്യം കൊടുത്ത് അതിന് വേണ്ടി പഠിക്കുകയാണ് ഇതിനായി ചെയ്തത്.
ആദ്യത്തെ അറ്റംപ്റ്റിൽ കറന്റ് അഫയേഴ്‌സ് ധാരാളമായി വായിച്ചിരുന്നെങ്കിലും ഉത്തരമെഴുതേണ്ടുന്ന രീതിയിൽ പഠിച്ചിരുന്നില്ല. രണ്ടാമത്തെ തവണ അത്തരം പഠനരീതിയാണ് തിരഞ്ഞെടുത്തത്. എങ്ങനെ ഉത്തരം എഴുതണമെന്ന് പഠിച്ച് ശീലിക്കുന്നതിലും ഉത്തരങ്ങൾക്കുള്ള കീവേർഡ്‌സ് കണ്ടെത്തുന്നതിലുമായിരുന്നു ഇത്തവണ പ്രാധാന്യം കൊടുത്തത്.
രണ്ട് തവണ പ്രിലിമിനറി വിജയിച്ച അനുഭവത്തിൽ നിന്ന് വിഷ്ണുവിന് പറയാനുളളത് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നതിനേക്കാളും എന്താണ് പഠിക്കേണ്ടത് എന്നത് കണ്ടെത്തി അത് കൂടുതലായി പഠിക്കുക എന്നതാണ്. ‘മാക്‌സിമം ചോദ്യങ്ങൾ സോൾവ് ചെയ്ത് പഠിക്കുകയാണ് ഇതിനുള്ള പോംവഴി. ചോദ്യങ്ങളുമായുള്ള പരിചയം പരീക്ഷ കംഫർട്ട് ആക്കും.’വിഷ്ണു പറയുന്നു.
രണ്ടാമത്തെ തവണ മെയിൻസ് എഴുതി രണ്ട് മാസത്തെ ഗ്യാപ്പിലാണ് ഫോറസ്റ്റ് സർവീസ് എക്‌സാമിന് പഠിക്കുന്നത്. ഇതിനും സ്‌കിം മനസ്സിലാക്കി പഠിക്കുകയാണ് ചെയ്തത്. എന്താണ് പരീക്ഷ ഡിമാൻഡ് ചെയ്യുന്നത് എന്നതായിരിക്കണം നമ്മുടെ ഫോക്കസ് എന്നാണ് വിഷ്ണു പറയുന്നത്. യുപിഎസ്സിയുടെ ഇന്റർവ്യൂവിന് മുന്നേ തന്നേ ഫോറസ്റ്റ് ഇന്റർവ്യൂവിന് കോൾ വന്നു. ചെറുപ്പം മുതലേ സ്റ്റേജ് ഫിയർ അൽപം ഉണ്ടായിരുന്നതിനാൽ ഇന്റർവ്യൂ എന്നത് ഒരു കടമ്പ തന്നെയായിരുന്നു എന്നാണ് വിഷ്ണുവിന്റെ അഭിപ്രായം. കാര്യങ്ങൾ പറഞ്ഞവതരിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടായിരുന്നില്ലെന്നും ശരിയായ മെന്റർഷിപ് കിട്ടിയത് കൊണ്ട് മാത്രമാണ് ആ പോരായ്മ നികത്താനായതെന്നും വിഷ്ണു പറഞ്ഞു.
‘വിഷ്ണുവിന്റെ ഐഡിയകളൊക്കെത്തന്നെയും ഗംഭീരമായിരുന്നുവെങ്കിലും പറയാനുളള ആത്മവിശ്വാസം വിഷ്ണുവിനില്ലായിരുന്നു. ആ ആത്മവിശ്വാസം നൽകുക എന്നത് മാത്രമായിരുന്നു എനിക്കുണ്ടായിരുന്ന ജോലി.” വിഷ്ണു പഠിച്ച ഐലേൺ അക്കാദമിയിലെ മെന്റർ മുഹമ്മദ് ഷിനാസ് പറയുന്നു.’രണ്ട് ഇന്റർവ്യൂ അറ്റംപ്റ്റ് ചെയ്ത് കഴിഞ്ഞപ്പോളാണ് ഇത് തനിക്ക് പറ്റാത്ത പണിയല്ല എന്ന തിരിച്ചറിവുണ്ടായത്.” വിഷ്ണു പറയുന്നു.
‘പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെ ചോദിച്ചതും ആത്മവിശ്വാസം കൂട്ടി. ഫോറസ്റ്റ് സർവ്വീസ് ഇന്റർവ്യൂവിൽ കൂടുതലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നുവെങ്കിൽ സിവിൽ സർവ്വീസ് ഇന്റർവ്യൂവിൽ കേരള ടൂറിസത്തെപ്പറ്റിയും മറ്റുമാണ് ചോദിച്ചത്. ഏറ്റവും ഭയപ്പെട്ട ലെവൽ തന്നെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ പറ്റിയത് ഒരുപാട് സംതൃപ്തി നൽകി.” വിഷ്ണു കൂട്ടിച്ചേർത്തു.
ഓൾ ഇന്ത്യ ലെവലിൽ ഫോറസ്റ്റ് സർവ്വീസിൽ 16ാം റാങ്കും യുപിഎസ്‌സി സിഎസ്ഇയിൽ 304ാം റാങ്കും നേടിയ വിഷ്ണുവിന്റെ ലക്ഷ്യം അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് തന്നെയായിരുന്നു. ആഗ്രഹിച്ച പോലെ ഐഎഎസ് ലഭിച്ച വിഷ്ണു ഇപ്പോൾ ട്രെയിനിങിലാണ്.
ബിഗ്ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ’ മോട്ടിവേഷണൽ പ്രോഗ്രാമിൽ നിന്ന് തയ്യാറാക്കിയത്..!
*സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792
www.ilearnias.com