പിസി ജോർജ്ജിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അപമാനകരം; നടത്തുന്നത് വർഗീയപരാമർശവും ന്യൂനപക്ഷ സമുദായങ്ങളെ വേദനിപ്പിക്കലും; വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു സിപിഐയിലേക്ക്

PC George

വയനാട്: ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറൽ സെക്രട്ടറി ബെന്നി മുണ്ടുങ്കലുമാണ് അറിയിച്ചത്. കടുത്ത വർഗീയവാദിയായി മാറിയ പിസി ജോർജ്ജിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അപമാനകരമാണെന്ന് നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ നെറികേടുകളുടെ ആൾ രൂപമായി ജോർജ് അധപതിച്ചെന്നും അവർ ആരോപിച്ചു.

പിസി ജോർജിന്റെ സാന്നിധ്യത്തിലാണ് ജനപക്ഷത്തിന്റെ തന്നെ മലബാറിലെ ആദ്യത്തെ ജില്ലാ കമ്മിറ്റിയായി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നത്. ഇപ്പോൾ, കമ്മിറ്റി പിരിച്ചുവിട്ട് നേതാക്കളായ വൈസ് പ്രസിഡന്റ് പിബി ജോസഫ്, സെക്രട്ടറി ടോണി ജോണി, ജില്ലാ നേതാക്കളായ ബിനീഷ് മന്നാക്കാട്, പിസി ലിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപക്ഷം പ്രവർത്തകർ സിപിഐയിൽ ചേരും.

‘പിസി ജോർജ്ജ് നടത്തുന്നത് തീർത്തും വർഗീയപരാമർശവും ന്യൂനപക്ഷ സമുദയങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകളുമാണ്. ഇത് ജനാധിപത്യ പാർട്ടികൾക്ക് ചേർന്ന നിലപാടുകൾ അല്ല’, നേതാക്കൾ പറഞ്ഞു.

നേരത്തെ മുസ്‌ലീങ്ങളെ അധിക്ഷേപിച്ചുള്ള പിസി ജോർജിന്റെ ഫോൺ സംഭാഷണം വലിയ വിവാദമായിരുന്നു. യുഡിഎഫ് സീറ്റ് നിഷേധിച്ചപ്പോൾ ജിഹാദികളാണ് ആ മുന്നണിക്ക് നേതൃത്വം കൊടുക്കുന്നതെന്നും ജോർജ് പറഞ്ഞിരുന്നു.

Exit mobile version