കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ ജീവൻ നഷ്ടമാകാൻ കാരണമാവുന്ന അപകടങ്ങളെ കുറിച്ചും സ്ത്രീകൾ ഒരു വശം ചെരിഞ്ഞ് ഇരിക്കുന്നതിന്റെ അപകടത്തെ കുറിച്ചും വിവരിച്ച് ഫേസ്ബുക്ക് കുറിപ്പ്. കോട്ടയത്ത് ഇരുചക്രവാഹനത്തിൽ പില്ല്യൻ റൈഡറായിരുന്ന യുവതി ടോറസ് ലോറി കേറി ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ.ഷിംന അസീസ് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. ഇരുവശത്തേക്കും കാലിട്ട് ഇരുന്ന് യാത്ര ചെയ്യാൻ സ്ത്രീകൾ മടിക്കുന്നത് പല കഴുകൻ കണ്ണുകളേയും ഭയന്നാണെന്ന് ഷിംന പറയുന്നു.
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ജോലിയുടെ ഭാഗമായ യാത്രകൾക്കിടയിലാണ് കോട്ടയത്ത് ഇരുചക്രവാഹനത്തിൽ പില്ല്യൻ റൈഡറായിരുന്ന യുവതി ടോറസ് ലോറി കേറി ദാരുണമായി മരണപ്പെട്ട വാർത്ത ഓൺലൈനായി വായിക്കുന്നത്. എപ്പോഴും കാണുന്ന, ഭയത്തോടെ ഉറ്റുനോക്കുന്ന പല ദൃശ്യങ്ങളും ഓർമ്മിപ്പിച്ചു ഈ അപകടം.
ഇന്നും നമ്മുടെ നാട്ടിൽ മിക്കയിടത്തും ബൈക്കിന് പിറകിലിരിക്കുന്ന സ്ത്രീ ഒരുവശം ചെരിഞ്ഞ് കഷ്ടപ്പെട്ട് ബാലൻസ് ചെയ്തിരിക്കുകയാണ് പതിവ്. ഇരുവശത്തേക്കുമായി കാലിട്ട് ഇരിക്കുന്ന സ്ത്രീയെക്കുറിച്ച് പിറകിലുള്ള നാലുചക്രവാഹനത്തിലിരുന്ന് അംഗവർണന നടത്തിയ സുഹൃത്തിനോട് കണക്കിന് പറഞ്ഞിട്ടുമുണ്ട്. ”ആ സ്ത്രീയുടെ സുരക്ഷയേക്കാൾ വലുതല്ല തന്നെപ്പോലുള്ളവരുടെ സൂക്കേട്’ എന്ന് പറഞ്ഞിട്ടും ഒരു വഷളൻ ചിരിയാണ് കിട്ടിയത്.
ഒരു പക്ഷേ ഇത്തരക്കാരുടെ കഴുകൻ കണ്ണുകളെ ഭയന്നാകാം സ്ത്രീകൾ ഈ ഒരു വശം പറ്റുന്ന റിസ്കെടുക്കുന്നത്. ഇതും പോരാഞ്ഞിട്ട് പലപ്പോഴും ഈ വശം തിരിഞ്ഞിരിക്കുന്നവരുടെ കൈയിൽ കൈക്കുഞ്ഞുങ്ങളുണ്ട്, ചിലർ മൊബൈലിൽ നോക്കി ഇരിക്കുന്നത് കാണാം. സ്വാഭാവികമായും കൃത്യമായി പിടിച്ചിരിക്കാൻ പറ്റില്ല. ഏതേലും ഒരു ഗട്ടറിൽ ചാടുന്നേരം ആ ഫോൺ കൈയ്യീന്ന് സ്ലിപ്പായാൽ, കുഞ്ഞൊന്ന് കുതറിയാൽ അവർ ആ ദിശയിൽ ആഞ്ഞ് അത് പിടിക്കാൻ ശ്രമിക്കും, താഴെ വീണേക്കും. ഇതിന്റെയെല്ലാം പുറമേയാണ് ഹെവി വാഹനങ്ങളെ ഉൾപ്പെടെ ഇടത് വശത്തൂടെ ഓവർടേക്ക് ചെയ്യുന്ന ടൂവീലറുകാരുടെ കൈയ്യാങ്കളികൾ, രണ്ട് പേരും ഹെൽമറ്റിടാൻ വിമുഖത കാണിക്കുന്നത്, ഓവർസ്പീഡ് തുടങ്ങി അനേകം പ്രശ്നങ്ങൾ…
നമ്മുടെ പല നിയമങ്ങളും ആവശ്യമുള്ളയിടങ്ങളിൽ നടപ്പിലാക്കാറില്ലെന്നതും ഒരു വസ്തുതയാണ്. ട്രിപ്പിളടിക്കുന്നതും കൂളിംഗ് ഫിലിം ഒട്ടിക്കുന്നതുമെല്ലാം നോക്കുന്ന കൂട്ടത്തിൽ ഈ ഇടത്തോട്ട് ചെരിഞ്ഞിരിക്കൽ കൂടി ഒഴിവാക്കാൻ പറയേണ്ട കാലം എന്നേ അതിക്രമിച്ചുവെന്ന് പറയാതെ വയ്യ. ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ആ ഡാമേജിൽ ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ രണ്ടാഴ്ച നിയമം ശക്തമാക്കിയിട്ട് ഇവിടെ ആരും ഒന്നും നേടാൻ പോണില്ല.
വഴിയിൽ MVD ചെക്കിങ്ങ് ഉണ്ടെന്ന് ഹെഡ്ലൈറ്റ് മിന്നിച്ച് കാണിച്ച് അറിയിക്കുന്ന നമ്മുടെ സഹകരണം(?) പരസ്പരം ജീവൻ കാക്കുന്നതിൽ കൂടി വേണം. ലോക്ക് ഡൗൺ കഴിഞ്ഞതിൽ പിന്നെ റോഡിൽ പ്രൈവറ്റ് വാഹനങ്ങളുടെ പെരുന്നാളാണ്. ബ്ലോക്കും, സമയനഷ്ടം പരിഹരിക്കാനുള്ള പരക്കംപാച്ചിലും സർവ്വസാധാരണവും. ഇതിനെല്ലാമിടയിൽ ഇനിയെങ്കിലും നമ്മൾ കരുതിയില്ലെങ്കിൽ തീർച്ചയായും ഇത്തരം തീരാനഷ്ടങ്ങൾ ഇനിയും കൂടുകയാണുണ്ടാവുക.
ലേണേഴ്സ് ലൈസൻസെടുക്കാൻ കാണാതെ പഠിച്ച നിയമങ്ങൾ പാലിക്കാൻ കൂടിയുള്ളതാണ്. ജീവന്റെ വിലയുള്ള നിയമങ്ങളാണവ.
റോഡ് കൊലക്കളങ്ങളാവരുത്.
ആക്കരുത് നമ്മൾ.
Dr. Shimna Azeez
ജോലിയുടെ ഭാഗമായ യാത്രകൾക്കിടയിലാണ് കോട്ടയത്ത് ഇരുചക്രവാഹനത്തിൽ പില്ല്യൻ റൈഡറായിരുന്ന യുവതി ടോറസ് ലോറി കേറി…
Posted by Shimna Azeez on Thursday, 4 March 2021
Discussion about this post