കൊല്ലം; ജില്ലയിലെ ആന്റണിയുടെയും മോണിക്കയുടെയും വ്യത്യസ്തമായ സേവ് ദ ഡേറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അമേരിക്കയിലെ സൈക്യാട്രിക് നഴ്‌സ് ആണ് ആന്റണി. ചെറുപ്പം മുതല്‍ ആന്റണിക്ക് പ്രിയം പാമ്പുകളോടാണ്. ആദ്യമായി ജോലി കിട്ടിയപ്പോള്‍ തന്നെയാണ് ആന്റണി പാമ്പുകളെ വളര്‍ത്തി തുടങ്ങിയത്.
ഇന്ന് അഞ്ച് പാമ്പുകളാണ് ആന്റണിക്ക് സ്വന്തമായി ഉള്ളത്. ആന്റണിയുടെ ജീവിത സഖിയായി കൊല്ലം സ്വദേശിയായ മോണിക്കയാണ് എത്തുന്നത്. ഒറ്റ ആഗ്രഹം മാത്രമാണ് ആന്റണിക്ക് ഉണ്ടായിരുന്നത്. തന്റെ ഓമനകളായ പെരുമ്പാമ്പുകള്‍ക്കൊപ്പം സേവ് ദ ഡേറ്റ് ചെയ്യണമെന്ന്. ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.
ഹൂസ്റ്റണിലെ എറികാട്ട് സ്റ്റുഡിയോയുടെ ജോലികള്‍ ചെയ്യുന്ന ടോം സണ്ണിയോട് യൂറ്റൂബില്‍ ഇടാന്‍ തന്റെ പാമ്പുകളുടെ ഒരു വീഡിയോ ചെയ്യാനായിരുന്നു ആന്റണി ആവശ്യപ്പെട്ടത്. ഈ സമയത്താണ് സേവ് ദ ഡേറ്റ് എന്ന ആശയം ഉദിച്ചത്. പ്രധാന പ്രശ്‌നം മോണിക്കയ്ക്ക് പാമ്പുകളെ പേടിയാണോ അല്ലയോ എന്നത് മാത്രമായിരുന്നു.
പദ്ധതി മോണിക്കയോട് പറഞ്ഞപ്പോള്‍ മോണിക്കയും സമ്മതം മൂളി. പിന്നീട് ഷൂട്ടിനായി ഒരു അപ്പാര്‍ട്ട്‌മെന്റ് തന്നെ മോണിക്ക വാടകയ്ക്ക് എടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഏഴാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. അതിനിടെ പാമ്പുകളോടൊത്തുള്ള ഫോട്ടോഷൂട്ട് സമൂഹ മാധ്യമത്തില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു.
പത്താം വയസിലാണ് ആന്റണി കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുന്നത്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് 2010 ല്‍ നേഴ്‌സിങ്ങ് പഠിക്കാനായി നാട്ടിലേക്കെത്തി. പഠനശേഷം 2017 ല്‍ വീണ്ടും അമേരിക്കയിലേക്ക് പോവുകയായിരുന്നു.
അമേരിക്കയില്‍ ഹൂസ്റ്റണിലെ ബിഹേവിയറല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ സൈക്യാട്രിക്ക് നഴ്‌സാണ് ആന്റണി. 2015 ല്‍ അമേരിക്കയിലെത്തിയ മോണിക്ക ബാച്ചിലര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫൈനലിയര്‍ വിദ്യാര്‍ത്ഥിനിയാണ്.
നാല്, നാലര മണിക്കൂറെടുത്താണ് വീഡിയോയും ഫോട്ടോഷൂട്ടും പൂര്‍ത്തിയാക്കിയത്. ടോം സണ്ണി വീഡിയോയും വിന്‍സ്റ്റണ്‍ എറികാട്ട് ഫോട്ടോ ഷൂട്ടുമായിരുന്നു ചെയ്തത്.
രണ്ട് പാമ്പുകളെയാണ് ആന്റണി ഫോട്ടോഷൂട്ടിനായി എത്തിച്ചത്. ആദ്യം പാമ്പില്ലാതെ ചില ഷൂട്ടുകള്‍ നടത്തി. അതിന് ശേഷമാണ് പാമ്പിനെ കൂട്ടില്‍ നിന്ന് ഇറക്കുന്നത്. അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റണിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.
Discussion about this post