കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിലെ സ്‌കൂൾ നവീകരണത്തിനും മുൻകൈയ്യെടുത്ത് പിണറായി സർക്കാർ. വർഷങ്ങളോളം എംഎൽഎയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ പോലും മികച്ചതാക്കാൻ കഴിയാത്ത ജനപ്രതിനിധിയായിരുന്നല്ലേ എന്ന് വിമർശിക്കുകയാണ് സോഷ്യൽമീഡിയ. ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിയത് പിണറായി വിജയൻ സർക്കാരാണെന്നു സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഉമ്മൻചാണ്ടി പഠിച്ച പുതുപ്പള്ളി സെന്റ് ജോർജ് വിഎച്ച്എസ്എസ് സ്‌കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തിയത് ഇടതുസർക്കാരാണെന്ന് സോഷ്യൽമീഡിയ പറയുന്നു. 1917ൽ ആരംഭിച്ച ഈ സ്‌കൂളിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. തുടർന്ന് അഞ്ച് കോടി രൂപ മുടക്കി പിണറായി വിജയൻ സർക്കാരാണ് സ്‌കൂൾ പുതുക്കി പണിയാൻ ആരംഭിച്ചത്.
ഈ സ്‌കൂളിനായി മൂന്നു നിലകളിലായി 27,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പ്രധാന ബ്ലോക്കിൽ 17 സ്മാർട്ട് ക്ലാസ് മുറികളും ഭാഷാ, കമ്പ്യൂട്ടർ, സയൻസ് ലാബുകളും സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, സ്റ്റോർ റൂം, റേഡിയോ വിഷ്യൽ തീയറ്റർ, കമ്മ്യൂണിറ്റി ഏരിയ, കൗൺസിലിങ് സെന്റർ എന്നിവയാണുള്ളതെന്ന് പിആർഡി വെബ്‌സൈറ്റിലും പറയുന്നു. 3420 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന രണ്ടാം ബ്ലോക്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയാണ് പ്രവർത്തിക്കുക.
കൂടാതെ, 1290 ചതുരശ്ര അടിയിൽ പാചകപ്പുരയും ഭക്ഷണ മുറിയും സ്റ്റോർ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യങ്ങൾ വർധിച്ചതോടെ സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ വികെ വിജയൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ ഏറ്റവും നല്ല സ്‌കൂളായി ഇത് മാറാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.