ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തി കാണിച്ചാണെന്ന പ്രഖ്യാപനം പിൻവലിച്ച് ബിജെപി. കേരളത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി മുരളീധരൻ എഎൻഐയോട് പ്രതികരിച്ചു.
What I wanted to tell was that through media reports I learnt that the party has made this announcement. Later, I cross-checked with the party chief who said that he has not made any such announcement: V Muraleedharan on his statement on E Sreedharan pic.twitter.com/anMBbkiPlw
— ANI (@ANI) March 4, 2021
ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വി മുരളീധരൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ വെച്ച് മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, ‘കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനായിരിക്കുമെന്ന് ചില പ്രസ്താവനകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായ മാധ്യമവാർത്തകൾ ഞാൻ കേട്ടിരുന്നു. ഞാൻ പാർട്ടി സെക്രട്ടറിയുമായി സംസാരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനാൽ ഇതൊരു പ്രഖ്യാപനമായി കണക്കാക്കരുത്. ഞാൻ വ്യക്തമാക്കുകയാണ്.’- എന്നാണ് ഇപ്പോൾ വി മുരളീധരൻ തിരുത്തിയിരിക്കുന്നത്.