തിരുവനന്തപുരം: വീൽചെയറിൽ ജീവിതം അവസാനിക്കുമെന്ന് വിധിയെഴുതിയിടത്തു നിന്നും പറന്നുയർന്ന പ്രണവിന് കൂട്ടായി ഷഹാന എത്തിയപ്പോൾ പലരും വിധിയെഴുതിയതാണ് ഈ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന്. വിവാഹബന്ധം ഉടനെ വേർപ്പെടുത്തും. പ്രായത്തിന്റെ തിളപ്പിലാണ് ഈ തീരുമാനം. തുടങ്ങി നിരവധി ശആപവാക്കുകളാണ് ഷഹാനയുടെ കഴുത്തിൽ താലി ചാർത്തിയ നിമിഷം മുതൽ പ്രണവ് കേട്ടുതുടങ്ങിയത്. എന്നാൽ ഇപ്പോഴിതാ എല്ലാ പ്രതിബദ്ധങ്ങളേയും ഒരുമിച്ച് നേരിട്ട് ഷഹാനയും പ്രണവും തങ്ങളുടെ വിവാഹത്തിന്റെ ഒന്നാംവാർഷിക ആഘോഷത്തിരക്കിലാണ്.
വ്യത്യസ്ത മതക്കാരായ പ്രണവും ഷഹാനയും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. പിന്നീട് പ്രണയം വിവാഹത്തിലെത്തിയപ്പോൾ പതിവുപോലെ എതിർപ്പും വിദ്വേഷ പ്രചാരണവുമായി നിരവധി പേരെത്തി. എങ്കിലും തങ്ങളുടെ പ്രണയത്തെ തള്ളിക്കളയാതെ മുന്നോട്ട് പോകാനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെയും തിരുവനന്തപുരം സ്വദേശിനി ഷഹനയുടെയും തീരുമാനം.
‘പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് കാണുന്നത്’ ഷഹാന പറയുന്നു.
”ഒരു പാട് പ്രതിസന്ധികൾ മറികടന്നാണ് ഇത്രടം വരെയെത്തിയത്. അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്. പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി” പ്രണവിന്റെ വാക്കുകൾ.
ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെയാണ് പ്രണവ് ഒരു ബൈക്ക് ആക്സിഡന്റിൽ പരിക്കേറ്റ് വീൽചെയറിലായത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കിടന്ന കിടപ്പിലായിരുന്നു ആദ്യം ജീവിതം. പിന്നീട് തന്നെ പൊന്നുപോലെ നോക്കുന്ന സുഹൃത്തുക്കളുടെ സഹായംകൊണ്ട് പ്രണവ് വീൽചെയറിൽ സഞ്ചരിക്കാവുന്ന തരത്തിൽ ആരോഗ്യം മെച്ചപ്പെടുത്തി. വീൽചെയറായിരുന്നു കാലുകളെങ്കിലും പ്രണവിനെ സുഹൃത്തുക്കൾ നാല് ചുമരുകൾക്കുള്ളിൽ അടച്ചിടാൻ കൂട്ടാക്കിയില്ല. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവനെയും കൊണ്ട് സുഹൃത്തുക്കൾ എത്തുന്നത് പതിവായിരുന്നു.
ഇക്കാലത്താണ് പ്രണവിനേയും പ്രണവിന്റെ നന്മയേറിയ സുഹൃത്തുക്കളേയും കുറിച്ച് സോഷ്യൽമീഡിയയിലും പോസ്റ്റുകൾ വന്നത്. സംഭവം വൈറലായതോടെയാണ് തിരുവനന്തപുരത്ത് നിന്ന് പത്തൊൻപതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പ്രണവ് പക്ഷേ, ആ റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെൺകുട്ടി ഫേ്സ്ബുക്ക് വഴി സംസാരിച്ചു. പ്രണവിന്റെ ജീവിത സഖിയാകാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്നയുടേയും മകൾ ഷഹനയുടെ ആഗ്രഹം ആർക്കും പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. പൂർണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ എല്ലാവരും എതിർത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു.
എന്നാൽ, ഒരു ഉപദേശങ്ങളും ഷഹനയുടെ പ്രണയത്തിന് വിലങ്ങ് തടിയായില്ല. പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും അവൾ തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഇരിങ്ങാലക്കുടയിൽ എത്തി. കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹനയുടെ കഴുത്തിൽ താലി ചാർത്തി. ഒരുമിച്ചുള്ള ജീവിതം ഒരു വർഷത്തിലെത്തി നിൽക്കുമ്പോഴും ഇരുവരുടേയും പ്രണയത്തിന് തെല്ലും കുറവു വന്നിട്ടില്ല. പ്രണവിന്റെ പരിമിതികൾ ഷഹനയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ സന്തോത്തോടെ ജീവിച്ചുകാണിക്കുകയാണ് ഇരുവരും.
Discussion about this post