കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ രംഗത്തെത്തി മണ്ഡലം കമ്മിറ്റി. ധർമ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ധർമ്മജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ ധർമ്മജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് മണ്ഡലം കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ രാഷ്ട്രീയ പരിചയമുള്ള ഒരാൾ വേണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, സംവരണ സീറ്റുകൾ സെലിബ്രിറ്റികൾക്ക് നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധർമ്മജന് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോൺഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മജന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായി റിമാൻഡിലായ സമയത്ത് ദിലീപിന് പൂർണ്ണപിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയ താരമായിരുന്നു ധർമ്മജൻ. ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിന് മുന്നിലെത്തിയ നടൻ ധർമ്മജൻ പൊട്ടിക്കരഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുന്നിൽ നടൻ വികാര ഭരിതനാവുകയും ‘എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്, എനിക്കൊന്ന് കണ്ടാൽ മതി’ ഇത്രയും പറഞ്ഞ് ധർമ്മജൻ പൊട്ടിക്കരയുകയായിരുന്നു അന്ന്.
Discussion about this post