കൊച്ചി: കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിക്കാനും തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടത്ത് പുനർനിർമ്മാണം പൂർത്തിയായ പാലത്തിൽ വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻ. പാലത്തിന്റെ പുനർനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. വളരെ വേഗത്തിൽ പണി പൂർത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം വിഷയം തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാകുമെന്നും കേരളത്തിൽ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താമസസ്ഥലമായ പൊന്നായിൽ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്തരുതെന്ന് മാത്രം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്.
ഡിഎംആർസിയിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും നാമിർദേശ പത്രിക നൽകുകയെന്നും അദ്ദേഹം വിശദമാക്കി. വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂർത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇതുസംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച ഉച്ചയോടെ സർക്കാരിന് നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
Discussion about this post