ബംഗളൂരു: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റ്‌മോർട്ടം ടേബിളിൽ പുനർജന്മം. ബാഗൽകോട്ടിലെ മഹാലിംഗപുര ടൗണിലെ 27കാരനായ ശങ്കർ ഷൺമുഖ് ഗോംബിയെയാണ് ഡോക്ടർമാർ അശ്രദ്ധമായി ചികിത്സിച്ചതും മോർച്ചറിയിലേക്ക് അയച്ചതും.
മൃതദേഹപരിശോധനയ്ക്കായി പോസ്റ്റ്‌മോർട്ടം ടേബിളിലേക്ക് മാറ്റിയതിനിടെ ഇയാളുടെ കാലുകൾ അനങ്ങുന്നത് കണ്ട മോർച്ചറി ജീവനക്കാരാണ് ഷങ്കറിന്റെ രക്ഷകരായത്. ഇവർ ഇക്കാര്യം ബന്ധുക്കളെയും മറ്റ് ആശുപത്രിജീവനക്കാരെയും അറിയിക്കുകയായിരുന്നു. ബന്ധുക്കൾ പിന്നീട് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചുവരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു.
ജീവനുള്ളയാളെ കൃത്യമായി ചികിത്സിക്കാതെ അനാസഥ കാണിച്ച മഹാലിംഗപുരം സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ബൈക്കപകടത്തിൽ ശങ്കർ ഷൺമുഖിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച യുവാവിനെ മണിക്കൂറുകൾക്കുശേഷം വെന്റിലേറ്ററിൽനിന്ന് മാറ്റി. ഇതോടെ ബന്ധുക്കൾ യുവാവിനെ മഹാലിംഗപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിനുശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടാണ് യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ജിഎസ് ഗലഗാലി അറിയിച്ചു.
Discussion about this post