കണ്ണൂര്‍: പാനൂരില്‍ പത്താം ക്ലാസുകാരന് നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. കമ്മീഷന് പാനൂര്‍ പോലീസിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവര്‍ ജിനീഷ് എന്നയാളെ നടുറോഡിലിട്ട് മര്‍ദിച്ചത്.
പത്താം ക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥിയെ ജിനീഷ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച ഇയാള്‍ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്തായിരുന്നു മര്‍ദ്ദനം. അടിയേറ്റ് വിദ്യാര്‍ഥിയുടെ മുന്‍വരിയിലെ പല്ലിന് പരിക്കുണ്ട്.
സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ചെന്നാണ് ഓട്ടോ ഡ്രൈവര്‍ പിന്നീട് പറഞ്ഞത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പാനൂര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍, പരാതിയില്‍നിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
Discussion about this post