കൊച്ചി: കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ‘അക്ഷയപാത്രം’ എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടേതാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് സിപിഒ പി.എസ്.രഘുവിനെതിരേ ഡിസിപി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി.
അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പോലീസുകാര്‍ക്കിടയിലെ സംസാരം. സംഭവത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പൊതുജനങ്ങളുമായി പോലീസ് സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കളമശ്ശേരി പോലീസ് ‘അക്ഷയപാത്രം’ ഒരുക്കിയത്. പി.എസ്.രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ ഫണ്ട് സ്വരൂപിച്ച് ഫെബ്രുവരി 17നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ടീവെന്‍ഡിങ് മെഷീനും ലഘുഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയത്.
സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ദീര്‍ഘനേരം ഭക്ഷണമോ വെള്ളമോ കിട്ടാതെ വിഷമിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് മറികടക്കുക ലക്ഷ്യമിട്ടായിരുന്നു നടപടി. പരാതിക്കാരനും പ്രതിയും സാക്ഷിയുമുള്‍പ്പെടെ സ്റ്റേഷനിലെത്തുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരുന്നു ഭക്ഷണമൊരുക്കിയത്.സംസ്ഥാനത്ത് ഇത്തരമൊരു സൗകര്യമൊരുക്കുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു ഇത്.
മറ്റു സ്റ്റേഷനുകള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതിയെ ആണ് ഡിസിപി ഐശ്വര്യ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് പോലീസുകാര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കാരണത്തെയും പോലീസുകാര്‍ തള്ളുന്നു. ഭക്ഷണസൗകര്യം ഒരുക്കുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു.
ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സസ്‌പെഷന്‍ഷനിലായ പി.എസ്.രഘു. ലോക്ക്ഡൗണ്‍ സമയത്ത് പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിയയെ സഹായിച്ചതും രാത്രിയില്‍ വഴിതെറ്റിയ വിദേശവനിതയെ സുരക്ഷിതയായി ഹോട്ടലില്‍ കൊണ്ടുവിട്ട സംഭവവും പ്രശംസ പിടിച്ചു പറ്റിയിരുന്നു. രഘുവിന്റെ സേവനത്തിന് കൊച്ചി ഐജി വിജയ് സാഖറെ രഘുവിന് പ്രശസ്തിപത്രവും പാരിതോഷികവും നല്‍കിയിരുന്നു.
ഡിസിപി ഐശ്വര്യ ഡോങ്ര നേരത്തെയും വിവാദത്തില്‍ പെട്ടയാളാണ്. ജനുവരിയില്‍ ചുമതലയേറ്റ ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പാറാവു നിന്നിരുന്ന പോലീസുകാരി തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ നടപടിയെടുത്തത് വലിയ വിവാദമായിരുന്നു. പുതുതായി സ്ഥലംമാറിവന്ന ഉദ്യോഗസ്ഥ സാധാരണ വേഷത്തില്‍ എത്തിയപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ ആളറിയാതെ പോലീസുകാരി തടയുകയായിരുന്നു. ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന് കമ്മിഷണര്‍ ഐശ്വര്യയെ താക്കീത് ചെയ്തിരുന്നു.