കോന്നി യുഡിഎഫിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്ററിനും അടൂർ പ്രകാശിനും എതിരെ ഒരു വിഭാഗം; എഐസിസിക്ക് കത്തയച്ചു

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥിയായി സജീവ പരിഗണനയിലുള്ള റോബിൻ പീറ്ററിനെതിരേയും അടൂർ പ്രകാശ് എംപിക്കെതിരേയും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി അംഗം മാത്യു കുളത്തിങ്കൽ അടക്കം 17 പേർ ഒപ്പിട്ട കത്ത് എഐസിസിക്ക് കത്തയച്ചു. അതേസമയം, കോന്നിയിലെ തർക്കത്തിൽ അടൂർ പ്രകാശോ റോബിൻ പീറ്ററോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.

നേരത്ത, കഴിഞ്ഞദിവസം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ റോബിൻ പീറ്റർക്കെതിരേയും അടൂർ പ്രകാശിനെതിരേയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്റർ അടൂർ പ്രകാശിന്റെ ബിനാമിയാണെന്നാണ് പ്രധാന ആരോപണം. റോബിൻ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നും പോസ്റ്ററുകളിൽ പറയുന്നു. വിഷയത്തിൽ കെപിസിസി ഇടപെടണമെന്നാണ് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്.

ആറ്റിങ്ങൽ എംപിയുടെ ബിനാമി റോബിൻ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ തലവാചകം. കോന്നി ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻഎസ്എസ് സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചതിന് നേതൃത്വം നൽകിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിക്കാൻ കാരണമായില്ലേ, കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് പോസ്റ്ററിലുള്ളത്.

കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും യുഡിഎഫ് സ്ഥാനാർത്ഥിയായി റോബിൻ പാറ്ററിന്റെ പേര് ഉയർന്നു കേട്ടിരുന്നു. അന്ന് കോൺഗ്രസിൽ നിന്ന് തന്നെ റോബിൻ പീറ്ററിനെതിരെ എതിർപ്പുയർന്നിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശാണ് റോബിൻ പീറ്ററിനെ അന്ന് നിർദേശിച്ചത്. പിന്നീട് എതിർപ്പുകാരണം പിന്മാറുകയായിരുന്നു. ഇതോടെയാണ് മോഹൻരാജ് കോന്നി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായത്. തുടർന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മോഹൻരാജിനെതിരേയും രംഗത്തെത്തിയിരുന്നു. സമാനമായ പ്രതിഷേധങ്ങളാണ് കോന്നിയിൽ വീണ്ടും ഉയർന്നിരിക്കുന്നത്.

Exit mobile version