കൊച്ചി: കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ എത്തുന്ന സാധാരണക്കാർക്കും പരാതിക്കാർക്കും നേണ്ടി കോഫി മെഷീൻ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കഴിഞ്ഞദിവസമാണ് കളമശ്ശേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പിഎസ് രഘുവിനെ സസ്‌പെൻഡ് ചെയ്തതായി ഉത്തരവ് പുറത്തിറങ്ങിയത്.
കോഫി മെഷീനോടൊപ്പം ബിസ്‌ക്കറ്റും നൽകാൻ ഈ ഉദ്യോഗസ്ഥൻ ഏർപ്പാട് ചെയ്തിരുന്നു. ഇതു മാധ്യമങ്ങളടക്കം വാർത്തയാക്കിയതിന് പിന്നാലെയാണ് സസ്‌പെൻഷന് നടപടി വന്നത്. മുമ്പും വിവാദത്തിൽ അകപ്പെട്ട കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് വിവാദ നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ 17 ാം തീയതിയായിരുന്നു ജനങ്ങൾക്ക് വേണ്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ജനകീയ പദ്ധതിയുടെ ഭാഗമായി ആർക്കും ഉപയോഗിക്കാവുന്ന തരത്തിൽ കോഫീ മെഷീൻ സ്ഥാപിച്ചത്. എന്നാൽ ഇക്കാര്യം സ്റ്റേഷൻ ഹൗസ് ഓഫീസറെയോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല എന്നാണ് വിവരം. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മാധ്യമങ്ങളിൽ പോലീസുകാരനെ അഭിനന്ദിച്ച് വാർത്തകളും വന്നിരുന്നു. പിന്നീട് പിഎസ് രഘു ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ ഓർഡർ പിന്നാലെ എത്തുകയും ചെയ്തു.
അതേസമയം, ഉയർന്ന ഉദ്യോഗസ്ഥരായ ഡിസിപി ഐശ്വര്യ ഡോങ്‌റെ ഉൾപ്പടെയുള്ളവരെ ക്ഷണിക്കാതെ കോഫി മെഷീൻ ഉദ്ഘാടനം ചെയ്തതും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായാണ് ഈ സസ്‌പെൻഷൻ ഓർഡർ നൽകിയതെന്നാണ് പൊതുജനസംസാരം. സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിട്ടുമുണ്ട്.