തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരളാ സന്ദർശനത്തിനിടയിലെ കടൽയാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാൽ ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്നും മുഖ്യമന്ത്രി ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പരാമർശിച്ചു.
‘അദ്ദേഹം നല്ല ടൂറിസ്റ്റാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകൾ തീർത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകൾ കടലിൽ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്’,-മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്റിന് ഗുണമുണ്ടായെന്നാണ് പിണറായിയുടെ മറ്റൊരു പരിഹാസം. ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല. പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി പോകാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Discussion about this post