കോട്ടയം: അർബുദ ബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തി പണം കണ്ടെത്തി വിദ്യാർത്ഥിനി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാർത്ഥിനി ഗൗരി സജീവനാണ് അമ്മയുടെ ചികിത്സയ്ക്കായി തന്നാലാകും വിധം പണം കണ്ടെത്തുന്നത്. ആയിരത്തോളം ചിത്രങ്ങൾ ഇതിനോടകം വിറ്റഴിച്ചു. ഒരു വർഷം മുൻപാണ് ജയയ്ക്ക് കാൻസർ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ.
അമ്മയുടെ ചികിത്സാചെലവുകൾക്കും മൂന്ന് പെൺമക്കളടങ്ങിയ കുടുംബത്തിന്റെ ചെലവുകൾക്കുമായി നെട്ടോട്ടമോടുന്ന അച്ഛന് സഹായമായാണ് ഗൗരി ചിത്രംവര തിരഞ്ഞെടുത്തത്. കാൻവാസുകളിൽ ചലച്ചിത്ര താരങ്ങളുടെ ഉൾപ്പടെ ചിത്രം വരച്ചാണ് ഈ പത്തൊമ്പതുകാരി ജീവിതത്തിന് പുതുപ്രതീക്ഷ നൽകുന്നത്.
ജയയുടെ ചികിത്സാ ചെലവുകൾ കൊണ്ട് കഷ്ടപ്പെടുന്ന അച്ഛന് താങ്ങാകണമെന്ന് ഗൗരി തീരുമാനിച്ചു. ഇതോടെ മൂന്ന് പെൺമക്കളും അമ്മ ജയയും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റ ചെലവുകൾക്ക് വലിയസഹായമാവുകയാണ് ഗൗരിയുടെ ചിത്രംവര. ചെറുപ്പത്തിൽ അമ്മ തന്നെ പഠിപ്പിച്ച ചിത്രം വരയിൽ പരീക്ഷണങ്ങൾ തുടങ്ങിയ ഗൗരി വൈകാതെ കാൻവാസിൽ മനോഹര ചിത്രങ്ങൾ പിറന്നതോടെ ആവശ്യക്കാർ തേടിയെത്തുകയായിരുന്നു.
മാസം ഒരു ലക്ഷത്തോളം രൂപയാണ് അമ്മയുടെ ചികിത്സാ ചെലവ്. ഇപ്പോൾ ഓരോ മാസവും ചികിത്സയുടെ ഒരു ഭാഗം ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഗൗരിക്ക് കണ്ടെത്താൻ കഴിയുന്നുണ്ട്. കൃത്യമായ ചികിൽസയിലൂടെ ജയയുടെ രോഗം പൂർണമായി ഭേദമാകുമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന ഉറപ്പ്. ഈ പ്രതീക്ഷയിൽ ചിത്രം വര തുടരുകയാണ് ഗൗരി.
Discussion about this post