കൊച്ചി: കോവിഡ് മഹാമാരി വിതച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമൂഹ്യപ്രശ്നങ്ങളും തിരിച്ചടിയായി വരും തലമുറയുടെ കൂടെയുണ്ടാകുമെന്ന് പഠനം. കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് ‘പാൻഡമിക് ജനറേഷ’നെയെന്നു റിപ്പോർട്ട്. കോവിഡ്മൂലം കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായാണ് പുതിയ പഠനത്തിൽ പറയുന്നത്. 14 വയസ്സിനുതാഴെയുള്ള കുട്ടികളിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുക.
രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളിൽ കോവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സിഎസ്ഇ) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സിഎസ്ഇയുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ കോവിഡ്മൂലം 500 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ പകുതിയിലധികം പേരും ഇന്ത്യയിലാണ്. കോവിഡ്മൂലം 115 ദശലക്ഷത്തിലധികംപേർ ദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ടേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.
അതേസമയം, പരിസ്ഥിതിയും തകർച്ചയുടെ വക്കിലാണെന്നതും തിരിച്ചടിയുണ്ടാക്കും. ഈ നിലയിൽ മലിനീകരണം വർധിക്കുന്നത് കോവിഡിന് പുറമെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നരെയ്ൻ പറഞ്ഞു.
പാരിസ്ഥിതിക സുസ്ഥിരവികസനത്തിൽ 192 രാജ്യങ്ങളിൽ 117ാം സ്ഥാനത്താണ് ഇന്ത്യ. സുസ്ഥിരവികസനത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങൾ കേരളം, ഹിമാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവയാണെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post