തിരുവനന്തപുരം: അടച്ചിട്ട എസി ഹാള്‍ തുറന്നിടാന്‍ നിര്‍ദേശവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത എസി എനക്ക് പുടിക്കാതെന്ന് പറഞ്ഞുകൊണ്ടാണ് എസി ഹാള്‍ തുറന്നിടാന്‍ നിര്‍ദേശം നല്‍കിയത്. വാതിലുകള്‍ തുറന്നിടാന്‍ ആവശ്യപ്പെട്ട അദ്ദേഹം, വെളിച്ചവും ശുദ്ധവായുവും കടന്നുവരുന്നതു വഴി കോവിഡ് നിലമെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യത്തിന് വായുവും വെളിച്ചവും നമ്മെ കൂടുതല്‍ നല്ല ആരോഗ്യ സ്ഥിതിയിലെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരന്‍ സ്മാരകപ്രഭാഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അദ്ദേഹം പ്രഭാഷണം ആരംഭിക്കാനായി എഴുന്നേറ്റപ്പോള്‍ത്തന്നെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എസി ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉപരാഷ്ട്രപതിയുടെ നിര്‍ദേശത്താല്‍ എസി ഓഫ് ചെയ്ത് വാതിലുകള്‍ തുറന്നിടുകയും ചെയ്തു.
വെങ്കയ്യ നായിഡുവിന്റെ വാക്കുകള്‍;
പ്രകൃതി നമ്മോട് വളരെയധികം കനിവുകാട്ടുന്നു, നാം നമ്മുടെ പാരമ്പര്യത്തിലേക്കു മടങ്ങേണ്ടതുണ്ട്. നമ്മുടെ നല്ല ഭാവിക്കായി പ്രകൃതിയെയും സംസ്‌കാരത്തെയും മുറുകെപ്പിടിക്കാനാകണം. നാം ഇപ്പോള്‍ എപ്പോഴും അടച്ചിട്ട ഇടങ്ങളിലാണ്. കാറിലായാലും ഓഫീസിലായാലും തിയേറ്ററിലായാലും ഉറങ്ങാന്‍ നേരത്തും നാം അടച്ചിട്ട സ്ഥലങ്ങളില്‍ തന്നെയാണ്. രാജ്യത്തെ 98 ശതമാനം ഗ്രാമീണ ജനതയെയും കോവിഡ് മഹാമാരി ബാധിച്ചില്ല. അവര്‍ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളായതിനാലാണ്. ജങ്ക് ഫുഡ് ഉപേക്ഷിച്ച് പരമ്പരാഗത ഭക്ഷണശീലങ്ങള്‍ പിന്തുടരാന്‍ യുവാക്കള്‍ തയ്യാറാകണം.