‘പണം കൊള്ളയടിക്കുന്ന യന്ത്രം’ കാറിന് മുകളില്‍ പെട്രോള്‍ പമ്പ് കെട്ടിവെച്ച് സജാദ് ഹംസയുടെ സഞ്ചാരം, വ്യത്യസ്തം ഈ ഒറ്റയാള്‍ പ്രതിഷേധം

fuel price hike | Bignewslive

കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയില്‍ വ്യത്യസ്തമായ ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എരൂരില്‍ താമസിക്കുന്ന സജാദ് ഹംസ. തന്റെ കാറിന്റെ മുകളില്‍ പണം കൊള്ളയടിക്കുന്ന മെഷീന്‍ എന്ന ബോര്‍ഡ് എഴുതിയിട്ട് പെട്രോള്‍ പമ്പ് സെറ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

കലൂര്‍ ജങ്ഷനിലാണ് പ്രതിഷേധം അറിയിക്കുന്നത്. കാറില്‍ പല ഭാഗങ്ങളിലായി ഇന്ധന വിലയ്ക്കെതിരേയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. ദിവസവും രാവിലെ കാറിലെത്തി കലൂരിലെ തറവാട്ട് വീട്ടില്‍ മക്കളെ ആക്കിയ ശേഷം 10.30-ഓടെ പ്രതിഷേധ കാര്‍ കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ കൊണ്ടുവന്നിടും.

പിന്നീട് മോട്ടോര്‍ സൈക്കിളില്‍ ജോലിക്കായി ഇറങ്ങും. വൈകീട്ട് അഞ്ചര വരെ പ്രതിഷേധ കാര്‍ റോഡില്‍ കിടക്കും. വൈകീട്ട് ജോലി കഴിഞ്ഞു വന്ന് ബൈക്ക് സമീപത്ത് പാര്‍ക്ക് ചെയ്ത് കാറുമായി എരൂരിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്യും. കഴിഞ്ഞ 10 ദിവസമായി ഇതാണു സജാദിന്റെ ജീവിതചര്യ. ആദ്യം കലൂര്‍ മെട്രോ സ്റ്റേഷനു നേരെ മുന്നില്‍ കാറിട്ട് പ്രതിഷേധിച്ചെങ്കിലും, പോലീസെത്തി ഇവിടെ നിന്നു വാഹനം നീക്കണമെന്ന് അറിയിച്ചു. വെള്ളിയാഴ്ച വാഹനം റോഡിലിട്ടതിനു നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് ഫോട്ടോയും എടുത്തു പോയി. ശേഷമാണ് സ്ഥലം മാറ്റി പ്രതിഷേധം അറിയിക്കുന്നത്.

മോട്ടോര്‍ സൈക്കിളിലും ഇന്ധന വിലവര്‍ധനയ്ക്കെതിരേ പ്രതിഷേധ മുദ്രാവാക്യം ഒട്ടിച്ചിട്ടുണ്ട്. ബൈക്കില്‍ നഗരത്തിലൂടെ സഞ്ചരിച്ച് ഇന്ധന വിലവര്‍ധനയ്ക്കെതിരേ പ്രതിഷേധിക്കാനുള്ള ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്.

Exit mobile version