ഒല്ലൂര്‍: തൃശ്ശൂരില്‍ പിടിമുറുക്കി വൃക്ക മാഫിയ. കടബാധ്യതയില്‍ പെടുന്ന വീട്ടമ്മമാരുടെ നിസ്സഹായത മുതലെടുക്കുകയാണ് ഇക്കരക്കാര്‍. തൃശൂര്‍ കൊഴുക്കുള്ളിയില്‍ മാത്രം രണ്ടുവര്‍ഷത്തിനിടെ വൃക്കയെടുത്തത് നാലു വീട്ടമ്മമാരില്‍ നിന്ന്. തട്ടിപ്പിനിരയാകുന്നത് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ ആണെന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത.
ശ്രദ്ധിക്കുക… കുടുംബശ്രീ അയല്‍ക്കൂട്ട സംഘങ്ങളിലെ വീട്ടമ്മമാരെയാണു സംഘം ചൂഷണം ചെയ്യുന്നത്. സ്ത്രീകള്‍ പരസ്പരം ജാമ്യം നിന്ന് മൂന്നും നാലും ഏജന്‍സികളില്‍ നിന്നു വായ്പയെടുക്കുകയാണു പതിവ്. കാലാവധി പൂര്‍ത്തിയായിട്ടും പണം തിരിച്ചടയ്ക്കാതെ വരികയും കടക്കെണിയില്‍ പെടുകയും ചെയ്യുമ്പോഴാണ് വൃക്ക മാഫിയ ഏജന്റ് എത്തുക.
കടം വീട്ടാനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി എട്ടുലക്ഷം രൂപ നല്‍കാമെന്നാണു വാഗ്ദാനം. പകരം വൃക്ക നല്‍കണം.ഇതോടെ സാമ്പത്തിക പ്രശ്നങ്ങള്‍ തീരുമെന്നു വിശ്വസിപ്പിക്കുകയും ചെയ്യും. സമ്മതം അറിയിച്ചു കഴിഞ്ഞാല്‍ പിന്നെ കുറെ രേഖകളില്‍ ഒപ്പിടുവിക്കും. മുന്‍ നിശ്ചയപ്രകാരം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വൃക്ക എടുക്കും. അതിനു ശേഷമാണ് പണം കൈമാറുക.
എന്നാല്‍ വൃക്ക നല്കി കഴിഞ്ഞാല്‍ താന്‍ വൃക്ക ആര്‍ക്കാണ് നല്‍കുന്നതെന്നോ , എന്താണ് പിന്നീട് സംഭവിക്കുന്നതെന്നോ ഇവര്‍ അറിയുന്നില്ല. ഏജന്റ് ഇരട്ടിവിലയ്ക്കുവരെ വില്‍ക്കുകയും ചെയ്യും. തൃശൂരിലെ കിഡ്നി കെയര്‍ ഫൗണ്ടേഷന് നടത്തിയ അന്വേഷണത്തിലാണ് കൊഴുക്കുള്ളിയിലെ വീട്ടമ്മമാരെക്കുറിച്ചു വിവരം ലഭിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും വീട്ടമ്മമാര്‍ പറയുന്നു.
Discussion about this post