പയ്യന്നൂർ: ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കൾ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. മരിച്ച ആര്യയെ തീകൊളുത്തിയതാണെന്നും ആത്മഹത്യാശ്രമമല്ലെന്നുമാണ് ഉയരുന്ന സംശയം. അബോധാവസ്ഥയിലായിരുന്ന ആര്യയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. ‘ചതിക്കപ്പെട്ടു’ എന്നായിരുന്നു ആശുപത്രിയിൽ വെച്ച് ആര്യ അവസാനമായി പറഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂർ നഗര മധ്യത്തിലുള്ള വാടകകെട്ടിടത്തിൽ നിന്ന് കാസർകോട് വെസ്റ്റ് എളേരി തട്ടിലെ വികെ ശിവപ്രസാദിനെയും പയ്യന്നൂർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഏഴിലോട് പുറച്ചേരിയിലെ ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ, തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലർച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി. ഇരുവരും തമ്മിൽ നാല് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, ഇവരുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഈ മാസം 21നായിരുന്നു വിവാഹനിശ്ചയം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ, വെളളിയാഴ്ച പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ ആര്യയെ സുഹൃത്തിന്റെ കാറിലെത്തിയ ശിവപ്രസാദ് താമസസ്ഥലത്തേക്ക് കൂട്ടി പോവുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നാകട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
നില അതീവ ഗുരുതരമായതിനാൽ മരണമൊഴി രേഖപ്പെടുത്താൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. എന്നാൽ അബോധാവസ്ഥയിലാകും മുൻപ് താൻ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. ആര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് തന്ത്രപൂർവ്വം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് സൂചന. താമസസ്ഥലത്തെത്തിയ ശേഷം ശിവപ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്ന് ശിവപ്രസാദും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post