ന്യൂഡൽഹി/മംഗളൂരു: കർണാടകയ്ക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പലതരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി മറ്റ് മൂന്ന് സംസ്ഥാനങ്ങൾ കൂടി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ നീക്കം. കർണാടകയും ഉത്തരാഖണ്ഡും മണിപ്പുരും മഹാരാഷ്ട്രയുമാണ് കേരളത്തിൽ നിന്നുമെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായവർക്ക് മാത്രം മംഗളൂരുവിലേക്ക് പ്രവേശനമെന്നാണ് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ
ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർടിപിസിആർ. നെഗറ്റീവ് റിപ്പോർട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയിൽ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.