കൊച്ചി: വാര്‍ത്തയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എംഡി എന്‍ പ്രശാന്ത് നായര്‍.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള വാര്‍ത്ത തയ്യാറാക്കുന്നതിനുവേണ്ടിയാണ് മാധ്യമപ്രവര്‍ത്തക പ്രശാന്തിനെ സമീപിച്ചത്.
മാതൃഭൂമി ദിപത്രത്തിലെ റിപ്പോര്‍ട്ടര്‍ കെപി പ്രവിതയോടാണ് പ്രശാന്ത് അശ്ലീലച്ചുവയോടെ പ്രതികരിച്ചത്. എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോള്‍ അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകളാണ് പ്രശാന്ത് അയച്ചത്.
വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന് സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.
ഇതില്‍ പ്രകോപിതയായ മാധ്യമപ്രവര്‍ത്തക എന്തുതരത്തിലുള്ള മറുപടിയാണിത് എന്ന്
ചോദിച്ചപ്പോള്‍, അതുവരെ അയച്ച സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്ത്, ആള് മാറിപ്പോയി, വാര്‍ത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവര്‍ത്തകര്‍ ശുചീകരണത്തൊഴിലാളികളേക്കാള്‍ താഴ്ന്നവരാണെന്നും എന്‍ പ്രശാന്തിന്റെ മറുപടി.
ഇത്തരം തരംതാഴ്ന്ന പ്രതികരണം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അധികാരികളോട് പരാതിപ്പെടുമെന്നും പ്രവിത പ്രശാന്തിനോട് പറഞ്ഞു. ഇനി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പ്രവിത പറയുന്നു. ഇതിനോട്, വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന രീതി കൊള്ളാം എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.
നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തില്‍ നല്കിയ വാര്‍ത്തയില്‍ ലേഖിക പറയുന്നു. മോശം മറുപടി ലഭിച്ചപ്പോള്‍ ഇത് പ്രശാന്തിന്റെ നമ്പര്‍ തന്നെയാണോ എന്ന് പരിശോധിക്കാന്‍ ട്രൂ കോളര്‍ വഴി നമ്പര്‍ ചെക്ക് ചെയ്തു. അപ്പോഴും പ്രശാന്ത് എന്ന പേരും, ഒപ്പം [email protected] എന്ന മെയില്‍ ഐഡിയും ഒപ്പം ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് കളക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശാന്ത് ഒപ്പിട്ട കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട ധാരണ പത്രം വിവാദത്തിലായത്. തുടര്‍ന്ന് ധാരണാ പത്രം റദ്ദാക്കാനും ഒപ്പിടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് വേണ്ടിയായിരുന്നു മാധ്യമപ്രവര്‍ത്തക പ്രശാന്തിനെ സമീപിച്ചത്.
Discussion about this post