കുഞ്ചിത്തണ്ണി: ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന കേസിലെ പ്രതി അരുൺ സംഭവസ്ഥലത്തിന് സമീപത്ത് തന്നെയാണ് ഒളിച്ചിരിക്കുന്നതെന്ന് സൂചന. പ്രതിയെ, കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്ത് കണ്ടതായി സംശയമുയർന്നു. ഞായറാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മണം പിടിച്ച് നേരെ മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറുകയായിരുന്നു.
ആ സമയത്ത് തന്നെ പുരയിടത്തിന്റെ മേൽഭാഗത്തുനിന്ന് ഷർട്ട് ധരിക്കാത്തയാൾ ഇറങ്ങി ഓടുന്നത് താഴെനിന്ന് നാട്ടുകാർ കണ്ടിരുന്നു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല. കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതായി കണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇത് പ്രതി അരുൺ തന്നെയാകാമെന്നാണ് പോലീസിന്റെ നിഗമനം. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീണ്ടും അന്വേഷിച്ചെങ്കിലും അരുണിനെ കണ്ടെത്താനായില്ല. അതേസമയം, പ്രതി സംഭവസ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽത്തന്നെ ഒളിച്ചിരുന്നിട്ടും പിടികൂടാൻ സാധിക്കാത്തത് പോലീസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൊലയ്ക്കുശേഷം പ്രതി വീണ്ടും സംഭവസ്ഥലത്ത് ചെന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ പോലീസ് ചീഫ് കറുപ്പുസ്വാമിയുടെ നിർദേശപ്രകാരം എഎസ്പി എസ് സുരേഷ് കുമാർ സ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നു. മൂന്നാർ ഡിവൈഎസ്പി സുരേഷ്, വെള്ളത്തൂവൽ സിഐ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Discussion about this post