വാളയാര്‍: സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍ സ്വകാര്യ ബസ് ഇടിച്ചു പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം. ചോരവാര്‍ന്ന് മണിക്കൂര്‍ നേരമാണ് റോഡില്‍ കിടന്നത്. ആശുപത്രിയിലെത്തിക്കാനോ അടിയന്തര ചികിത്സ നല്‍കാനോ ആരും തയ്യാറാകാതെ ഇരുന്നതാണ് സുബ്രഹ്മണ്യന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യനെ (76) ഒടുവില്‍ വാളയാറില്‍നിന്ന് ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകട സമയത്ത് ഒട്ടേറെപ്പേര്‍ ബസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സമീപത്ത് ഓട്ടോറിക്ഷ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളുമുണ്ടായിരുന്നു. ആരും തിരിഞ്ഞ് നോക്കാതെ ഇരുന്നു.
പാലക്കാട് വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വേല്‍മുരുകന്‍’ എന്ന ബസ്സാണ് ഇന്നലെ രാവിലെ 9നു ചാവടിപ്പാലത്തിനു സമീപം സുബ്രഹ്മണ്യനെ ഇടിച്ച് തെറിപ്പിച്ചത്. പാലക്കാട്ടുനിന്ന് ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കാലിലൂടെ ടയര്‍ കയറിയതിനെത്തുടര്‍ന്നു സുബ്രഹ്മണ്യന്‍ റോഡിലേക്കു വീണു.
ടയറിനടിയില്‍നിന്ന് ബസ് ജീവനക്കാര്‍ തന്നെ ഇദ്ദേഹത്തെ റോഡിലേക്കു മാറ്റിക്കിടത്തുകയായിരുന്നു. എന്നാല്‍ കാല്‍പാദത്തിനും കൈമുട്ടിനും തലയ്ക്കും ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ വെള്ളം നല്‍കാനോ പോലും ആരും തയ്യാറായതുമില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും മറ്റു യാത്രക്കാരും ചേര്‍ന്ന് വാളയാര്‍ പതിനാലാംകല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
ചോര വാര്‍ന്നതാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ചാവടി പോലീസ് പറഞ്ഞു. അപകടം വരുത്തിയ ബസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോട്ടറി വില്‍പനയും മറ്റു ജോലികളും നടത്തിയാണ് കഴിഞ്ഞിരുന്നത്.