കൊച്ചി: യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് ഹൈക്കോടതിയിൽ. തിരുവനന്തപുരം വെള്ളറടയിൽ വെച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നും വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് യുവതി പരാതി നൽകുകയായിരുന്നെന്നും ചൂണ്ടിക്കാണിക്കുന്ന ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
പരസ്പര സമ്മതത്തോടെയായിരുന്നു ഇരുവരുടേയും ഇടപെടലുകൾ എന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ പരാതിക്കാരിക്കെതിരേ നിയമ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസിൽ കൂടുതൽ അന്വേഷണം നടന്നത്.
യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സമയം പകലായിരുന്നെന്നും സംഭവ സ്ഥലത്ത് പലരുമുണ്ടായിട്ടും സ്ത്രീ അവരോടൊന്നും സഹായം തേടിയതായി കാണുന്നില്ലെന്നും അന്വേഷണറിപ്പോർട്ടിലുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ചപ്പോൾ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൈകൾ പിന്നിലേക്ക് കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ വൈദ്യ പരിശോധനാ റിപ്പോർട്ടിൽ പരിക്കുള്ളതായി പറയുന്നില്ല. ഈ സാഹചര്യത്തിൽ പരാതി സമ്മർദം മൂലമാണെന്നു സ്ഥിരീകരിക്കുകയാണ് പോലീസ്.
യുവതി പീഡിപ്പിക്കപ്പെട്ട കെട്ടിടം ആൾതിരക്കുള്ള പ്രദേശത്താണ്. യുവതി ഉദ്യോഗസ്ഥനൊപ്പം വരുന്നതു കണ്ടതിനും അയൽക്കാരനോട് സഹോദരിയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ യുവതി മറുത്തൊന്നും പറഞ്ഞില്ലെന്നതിനും സാക്ഷികളുണ്ട്. യുവതി ഇരുചക്രവാഹനത്തിൽ മടങ്ങിപ്പോകുന്നത് കണ്ടവരുമുണ്ട്. അസ്വഭാവികമായി ഒന്നും തോന്നിയില്ലെന്നാണ് സമീപത്തെ കടയുടമയുടെ മൊഴി.
കോവിഡ് കാലത്ത് രാപകലില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരായ പീഡനക്കേസെന്ന് കോടതി വിലയിരുത്തി. ഉദ്യോഗസ്ഥൻ 77 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും നടപടികൾ എത്രയും വേഗമാക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടറുടെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് യുവതി പരാതി വീട്ടുകാരുടെ സമ്മർദ്ദം മൂലമായിരുന്നെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നും അറിയിച്ചു. ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ച കോടതി വ്യാജ പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിക്കുകയായിരുന്നു.
Discussion about this post