തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ നല്കിയ അനുമതി പിന്‍വലിച്ചത്. ആനയുടെ 5 മീറ്റര്‍ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതി വനം വകുപ്പാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. കര്‍ശന ഉപാധികള്‍ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന.
ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയിരുന്നത്. ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.
അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ നല്കിയ ഫിറ്റ്നസ് റിപ്പോര്‍ട്ടില്‍ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമര്‍ശിച്ചിട്ടില്ല. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്.
ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോള്‍ നാല് പാപ്പാന്മാര് ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. മുഴുവന്‍ സമയം എലിഫെന്റ് സ്ക്വാഡും വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികില്‍സയും തുടരണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഉത്സവചടങ്ങുകളില്‍ പൊതുജനങ്ങളില്‍ നിന്നും അഞ്ച് മീറ്റര്‍ അകലത്തില്‍ വേണം ആനയെ നിര്‍ത്താനെന്നും നാട്ടാന നിരീക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വിലക്ക്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയെന്ന വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വന്തമായി ഫാന്‍സ് ഗ്രൂപ്പുകള്‍ വരെയുണ്ട്. എന്നാല്‍ ആറു പാപ്പാന്മാര് ഉള്‍പ്പെടെ 13 പേരെ കൊന്ന ചരിത്രവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്.
Discussion about this post