ആലപ്പുഴ: ആലപ്പുഴയിലെ മാന്നാറിൽനിന്നും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി. മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ റോഡിൽ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.
വടക്കഞ്ചേരി റോഡിൽ നിന്നും കണ്ടെത്തിയ യുവതിയുമായി പോലീസ് ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയുംവേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് ബിന്ദു എന്ന യുവതിയുടെ വീട്ടിലെത്തിയത്. ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നിൽ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19ന് നാട്ടിൽ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു. ഇതാണ് യുവതി സ്വർണ്ണക്കടത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാൻ കാരണം.
എന്നാൽ ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യം ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തിൽ വന്നുപോയിരുന്നതായാണ് പോലീസ് കണ്ടെത്തൽ.