സഹോദരീ, പത്ത് വർഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സർക്കാരിനെ നാണം കെടുത്തുന്നത്; റാങ്ക് ചോദിച്ച് മന്ത്രി പരിഹസിച്ചെന്ന് റാങ്ക് ഹോൾഡേഴ്‌സ്

laya-rajesh

തിരുവനന്തപുരം: പിഎസ്‌സി നയമനത്തെ ചൊല്ലി തലസ്ഥാനത്ത് സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.തങ്ങളുടെ ആവശ്യം നേരിട്ട് ബോധ്യപ്പെടുത്താനെത്തിയപ്പോൾ മന്ത്രി തങ്ങളെ പരിഹസിച്ചാണ് തിരിച്ചയച്ചതെന്ന് റാങ്ക് ഹോൾഡേഴ്‌സ് ആരോപിച്ചു. മന്ത്രിയെ കാണാനെത്തിയ ലയ രാജേഷ് ഉൾപ്പെടെയുള്ളവരോട് അദ്ദേഹം റാങ്ക് ചോദിച്ചെന്നും തുടർന്ന് പരിഹസിച്ചെന്നുമാണ് പരാതി.

തന്റെ റാങ്ക് 583 ആണെന്ന് പറഞ്ഞപ്പോൾ സഹോദരി, പത്ത് വർഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിങ്ങൾക്ക് നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സർക്കാരിനെ നാണം കെടുത്തുന്നതെന്ന് മന്ത്രി ചോദിച്ചെന്നാണ് ലയ രാജേഷ് ആരോപിക്കുന്നത്. മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നും റാങ്ക് ഹോൾഡേഴ്‌സ് കൂട്ടിച്ചേർത്തു.

ഇന്ന് വെളുപ്പിനെ മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് റാങ്ക് ഹോൾഡേഴ്‌സ് മന്ത്രിയുടെ തിരുവനന്തപുരത്തെ വസിതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രിയുടെ പേര് പറയാതെയാണ് ഉദ്യോഗാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.

583 റാങ്കുകാരിയ്ക്ക് 10 വർഷം കഴിഞ്ഞാലും ജോലി കിട്ടുമോ എന്ന് താൻ ചോദിച്ചത് തന്നെയാണെന്ന് കടകംപള്ളി സ്ഥിരീകരിച്ചു. പക്ഷേ ഉദ്യോഗാർത്ഥികളോട് താൻ മോശമായി പെരുമാറിയെന്നത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് അനുവാദം വാങ്ങിയിട്ടല്ല ഉദ്യോഗാർത്ഥികൾ തന്നെ വന്ന് കണ്ടതെന്ന് കടകംപള്ളി മാധ്യമങ്ങളോട് വിശദീകരിച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റിനെക്കുറിച്ച് തനിക്കുള്ള ധാരണയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല ഒരു സർക്കാരിനെ പ്രതിപക്ഷത്തിന്റെ കളിപ്പാവയായി നിന്ന് മോശമായി ചിത്രീകരിച്ചതിന്റെ കുറ്റബോധം മാത്രമാണ് ഉദ്യോഗാർത്ഥികൾക്കെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. എന്നാൽ തന്റെ റാങ്ക് അത്ര മോശമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലയ രാജേഷിന്റെ പ്രതികരണം.

Exit mobile version