വിഴിഞ്ഞം: അവസാന അക്കത്തിനും 5000 വരെയുള്ള സമ്മാനങ്ങളുടെ നിരയിലും തപ്പിയപ്പോൾ തന്റെ ടിക്കറ്റിന്റെ നമ്പറില്ലെന്ന് കളയാനൊരുങ്ങിയ ലോട്ടറി ടിക്കറ്റ് സിറാജുദ്ധീനെ ഒടുവിൽ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തേക്ക് എറിയാൻ ഒരുങ്ങിയ ടിക്കറ്റ് സിറാജുദ്ധീന് സമ്മാനിച്ചത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയായിരുന്നു. കൂടാതെ, ഈ ടിക്കറ്റിന് ഒപ്പം എടുത്ത ഒമ്പത് തു ലോട്ടറി ടിക്കറ്റിനും സമ്മാനമുണ്ടെന്ന് അറിഞ്ഞതോടെ ശരിക്കും സിറാജ് ഞെട്ടിപ്പോയി.
കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലാണ് വിഴിഞ്ഞം നിവാസിയായ സിറാജുദ്ധീനാണ് ഭാഗ്യങ്ങളുടെ പരമ്പര തന്നെ കൈവന്നത്. ഒന്നാം സമ്മാനമായ 80 ലക്ഷത്തിനു പുറമെ ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതം ലഭിച്ചതോടെ സിറാജുദ്ധീന്റെ വീട്ടിൽ സന്തോഷത്തിന്റെ പെരുന്നാൾ വിരുന്നെത്തുകയായിരുന്നു.
വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ധീൻ ലോട്ടറിയെടുക്കൽ ഒരു ഹരമായി കൊണ്ടു നടക്കുകയായിരുന്നു. കഴിഞ്ഞ 20 ലേറെ വർഷമായി ഇതു തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തിൽ മാത്രമേ സിറാജുദ്ധീൻ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാനും തീരുമാനിച്ചതായിരുന്നു. ഈ സമയത്താണ് തനിക്ക് ടിക്കറ്റ് വിറ്റ വനിത ഓടി എത്തി സിറാജുദ്ധീനിന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നു പറയുന്നത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് വർഷങ്ങളായി സിറാജുദ്ധീൻ. സ്വന്തമായി വീട് ഇല്ലാത്ത സിറാജുദ്ധീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഇനി സ്വന്തമായി വീടും സ്ഥലവും വാങ്ങണം എന്നതാണ് ഈ കുടുംബത്തിന്റെ ആദ്യ ആഗ്രഹം. ഷഹീറ, ഷഹീർ, ഷെബീദ എന്നിവരാണ് മക്കൾ.