മുംബൈ: രാജ്യത്ത് വീണ്ടും ഉള്ളിവിലയില്‍ വര്‍ധനവ്, റെക്കോര്‍ഡ് വര്‍ധനവിലേയ്ക്കാണ് ഉള്ളിവില ഉയരുന്നത്. മഹാരാഷ്ട്രയില്‍ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില 4500 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെയാണ് അമ്പരപ്പിക്കുന്ന ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച്ച 3600 ആയിരുന്നു ക്വിന്റലിന് വില. കൂടുതല്‍ മഴലഭിച്ചതാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉള്ളിവില കൂടാന്‍ ഇടയായതെന്നാണ് വിവരം. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും കര്‍ഷകര്‍ പറയുന്നുണ്ട്.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ലസല്‍ഗോണ്‍ മണ്ടിയിലാണ് ഒരിടവേളയ്ക്ക് ശേഷം ഉള്ളിവില റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. അതേസമയം ഈ വില വര്‍ധന അധികം സമയം നീണ്ടുപോകില്ലെന്നാണ് മഹാരാഷ്ട്രയിലെ ചില വ്യാപാരികളുടെ അഭിപ്രായം. ഉള്ളിവില ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ 2019ന്റേതിന് സമാനമായ നിലയിലേക്ക് വിലവര്‍ദ്ധനവുയര്‍ന്നേക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.