ആലപ്പുഴ: കേന്ദ്ര സർക്കാരാണ് ഇന്ധന വില വർധനവിന് കാരണമെന്നും സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, കേന്ദ്രം നികുതി കുറയ്ക്കട്ടെ. ഇന്ധനനികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്തട്ടേയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കേരള സർക്കാർ ഇതുവരെ ഒരു ഇന്ധന നികുതിയും വർധിപ്പിച്ചിട്ടില്ല. നികുതി വർധിപ്പിച്ചത് കേന്ദ്രസർക്കാരാണ്. അതുകൊണ്ട് ഇന്ധനവില വർധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്, അത് അവർ തന്നെ ഏറ്റെടുത്തേ തീരൂ.’ സംസ്ഥാനങ്ങളുടെ ചെലവിൽ വിലവർധന പരിഹരിക്കാൻ കേന്ദ്രം നോക്കേണ്ട. കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
അതേസമയം ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച വരെ തുടർച്ചയായി 13 ദിവസം ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പലയിടത്തും പെട്രോൾ ലിറ്ററിന് നൂറുരൂപ തൊട്ടിട്ടുണ്ട്.
Discussion about this post