കണ്ണൂർ: കോൺഗ്രസിന്റെ കേരളാ ഘടകത്തിൽ പുരുഷ മേധാവിത്വമാണ് കാണാനാവുകയെന്ന് എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിൽ പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണ്. താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും ഷമ കുറ്റപ്പെടുത്തി. കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻ നിരയിൽ ഇരിക്കാൻ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും ഷമ കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തിൽ വനിതകൾക്കില്ലെന്നും ഷമ കൂട്ടിച്ചേർത്തു.
‘ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകൾക്ക് മുൻനിരയിൽ ഇരിപ്പിടമുണ്ടാകും. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ? ഞാനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ ഒരു പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവർക്ക് ഞാനെന്ന എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം’.
താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷമ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. ഇപ്പോൾ തനിക്ക് മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. എങ്കിലും വനിതകൾക്കായി സംവരണം നടപ്പിലാക്കണം. കേന്ദ്രസർക്കാരിന് നിയമം പാസ്സാക്കാം. എന്നാൽ മോഡി സർക്കാർ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ് നയം. കോൺഗ്രസിന് വേണമെങ്കിൽ അത് പാർട്ടിക്കുള്ളിൽ നടപ്പിലാക്കാമെന്നും ഷമ റഞ്ഞു.