കോഴിക്കോട്: കേരളത്തിലെ മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന വട്ട ചർച്ചകളിലേക്ക് കടന്നിരിക്കെ തെരഞ്ഞെടുപ്പിൽ മദ്യപാനികളെ സ്ഥാനാർത്ഥികളാക്കരുതെന്ന ആവശ്യവുമായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ. മദ്യപാനികളെ സ്ഥാനാർത്ഥികളാക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം മദ്യപാനികൾക്ക് ആരും വോട്ടു ചെയ്യരുതെന്നും ആഹ്വാനം ചെയ്തു.
കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷന്ന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാർട്ടികൾ തെ രഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ മാസ്റ്റർ പുന്നശ്ശേരി. പൊയിലിൽ കൃഷ്ണൻ, പ്രൊഫ. ടിഎം രവീന്ദ്രൻ, ഭരതൻ പുത്തൂർ വട്ടം, പ്രൊ. ഒജെ ചിന്നമ്മ തുടങ്ങിയവർ സംസാരിച്ചു. മദ്യനിരോധന സമിതി നേതാക്കൾ ജില്ലാ കളക്ടർ സാംബ ശിവ റാവുമായി കൂടിക്കാഴ്ചയും നടത്തി.