കോഴിക്കോട്: സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്‌റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഷ്‌റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്‌റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്‌റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു. സലീനയുടെ പിതാവ് യൂസുഫ്. മാതാവ്: സുബൈദ. മകൻ: അനീഖ് റയാൻ (നിലമ്പൂർ സ്പ്രിൻസ് ഇന്റർ നാഷണൽ സ്‌കൂൾ അഞ്ചാംതരം വിദ്യാർഥി). സഹോദരങ്ങൾ: ഫെമിന, സെറീന, ഷമീർ.
Discussion about this post