‘ദൃശ്യം മോഡലില്‍’ മോഷ്ടിച്ച സ്‌കൂട്ടര്‍ കുഴിച്ചിട്ടു, വീടിന് കുഴിയെടുത്തപ്പോള്‍ സ്‌കൂട്ടര്‍ പൊങ്ങി: ഒടുവില്‍ കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: മോഷണം പോയ സ്‌കൂട്ടര്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം കഠിനംകുളം പുത്തന്‍ത്തോപ്പ് കരിഞ്ഞ വയലിലാണ് ദൃശ്യം സിനിമ മോഡലില്‍ വാഹന മോഷണം നടന്നിരിക്കുന്നത്.

വീട് നിര്‍മ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് പുരയിടത്തില്‍ ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അടുത്തിടെ മോഷണം പോയ സ്‌കൂട്ടര്‍ ആണ് കണ്ടെത്തിയത്. സംഭവത്തില്‍ കഠിനംകുളം പോലീസ് അന്വേഷണം നടക്കുകയായിരുന്നു.

ഈ മാസം 14 ന് മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് അഭിഭാഷകന്റെ സ്‌കൂട്ടര്‍
മോഷണം പോയത്. സംഭവത്തില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവായ ഒരാളെ മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹായിയായ കഠിനംകുളം സ്വദേശിയെ പോലീസ് തിരയുന്നുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണ കേസില്‍ പിടിയിലായ മോഷ്ടാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് ഇയാള്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ കഠിനംകുളം സ്വദേശിയായ മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെ പുത്തന്‍തോപ്പിനടുത്ത് ഒരു പറമ്പില്‍ കുഴിച്ചിട്ടത്. കഠിനംകുളത്തു നിന്നും മുങ്ങിയ സഹായിയും ഉടന്‍ പിടിയിലാകും എന്നാണ് പോലീസ് പറയുന്നത്.

Exit mobile version