കോഴിക്കോട്: പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായി കൂടുതല്‍ സ്ത്രീകള്‍. തീര്‍ത്ഥാടന കാലത്ത് 30 പേര്‍ അടങ്ങുന്ന സംഘം കോഴിക്കോട് നിന്നും ശബരിമലക്ക് പോകുമെന്ന് അധ്യാപികയും ദളിത് പ്രവര്‍ത്തകയുമായ ബിന്ദു പറഞ്ഞു.
ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പോകാത്തത്. അത്തരത്തിലുള്ള സാമൂഹ്യ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. തെരുവില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ വിശ്വാസത്തിന്റെ പേരില്‍ സമരം ചെയ്യുന്നവരല്ല. അവര്‍ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങള്‍ മാത്രമാണെന്നും ബിന്ദു പറഞ്ഞു.
ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആര്‍ത്തവം അശുദ്ധിയായി കാണില്ലെന്നും ബിന്ദു ടീച്ചര്‍ പറഞ്ഞു.
നേരത്തെ കണ്ണൂരില്‍ നിന്നും ശബരിമലക്ക് പോകാനായി യുവതി വ്രതമെടുത്ത് മാലയിട്ടിരുന്നു. ഇരുമുടിക്കെട്ട് നിറച്ച് തന്നെ ശബരിമലക്ക് പോകുമെന്ന് അറിയിച്ച രേഷ്മക്കെതിരെ പ്രതിഷേധം ശക്തമായിരുന്ന സാഹചര്യത്തില്‍ താന്‍ പിന്നോട്ടില്ലെന്നും വിശ്വാസിയായ താന്‍ ശബരിമലയില്‍ പോകുമെന്നും രേഷ്മ അറിയിച്ചിരുന്നു. അതെസമയംശബരിമലയില്‍ എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ നല്‍കുമെന്ന് മന്ത്രി പി ജയരാജന്‍ പറഞ്ഞിരുന്നു.