ന്യൂഡൽഹി: ബിജെപിയിൽ ചേരാനിരിക്കെ പാർട്ടിയുടെ എല്ലാ നയങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ബീഫ് നിരോധനത്തിത്തെയും ബിജെപി സർക്കാരിന്റെ ലൗ ജിഹാദ് നിയമത്തേയും പിന്തുണച്ച് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇ ശ്രീധരൻ രംഗത്തെത്തി.
ബിജെപിയുടെ ബീഫ് നിരോധന നയത്തെ കുറിച്ച് ചോദിച്ചപ്പോൾ താനൊരു പൂർണ്ണ വെജിറ്റേറിയൻ ആയ വ്യക്തിയാണെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനൊരു വെജിറ്റേറിയനാണ്. മുട്ട പോലും കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആളുകൾ മാംസം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല.’- എന്നായിരുന്നു ശ്രീധരന്റെ മറുപടി.
ലൗ ജിഹാദ് വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ കാണുന്നുണ്ട്. വിവാഹത്തിന്റെ പേരിൽ ഹിന്ദുക്കൾ വഞ്ചിക്കപ്പെടുന്നു. അവർ പിന്നീട് കഷ്ടപ്പെടുന്നു. ഹിന്ദുക്കൾ മാത്രമല്ല. മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും വിവാഹത്തിന്റെ പേരിൽ കബളിപ്പിക്കപ്പെടുന്നു. അത്തരമൊരു കാര്യം എന്തായാലും ഞാൻ എതിർക്കുമെന്നുമായിരുന്നു ശ്രീധരന്റെ പ്രതികരണം.
ബിജെപി വർഗ്ഗീയ പാർട്ടിയല്ലെന്നും ദേശസ്‌നേഹികളുടെ പാർട്ടിയാണെന്നുമായിരുന്നു അഭിമുഖത്തിൽ ബിജെപിയെ പുകഴ്ത്തി ഇ ശ്രീധരൻ പ്രതികരിച്ചത്. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ഇ ശ്രീധരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നുമായിരുന്നു ശ്രീധരന്റെ നിലപാട്.
ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രാ വേളയിൽ ഇ ശ്രീധരൻ പാർട്ടിയിൽ ചേരുമെന്നാണ് വിവരം. ാേ