കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് രൗദ്രത്തിലെത്തിയ ഭഗവതി തെയ്യത്തിന്റെ മാറോട് ചേര്‍ന്നിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ ചിത്രമാണ്. ആ തെയ്യം കെട്ടിയതാകട്ടെ ബിനുവും. അഞ്ചരക്കണ്ടി പാളയം കടമ്പേരി മടപ്പുര ക്ഷേത്രത്തില്‍ തെയ്യത്തിനായി എത്തിയതായിരുന്നു കണ്ണൂര്‍ പൊതുവാച്ചേരി സ്വദേശിയായ ബിനു. ഇപ്പോള്‍ കുഞ്ഞ് വന്നിരുന്ന കഥ പറയുകയാണ്.
പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണത്തന നീലകരിങ്കാളി തെയ്യക്കോലധാരിയുടെ മടിയില്‍ പറ്റിയിരിക്കുന്ന കുഞ്ഞ് മറ്റാരുമല്ല, അത് ആ ക്ഷേത്രത്തിലെ ക്ഷേത്രക്കാരന്റെ മകളുടെ മകളാണ്. തമ്പുരു എന്നാണ് കുഞ്ഞിന്റെ പേര്. കടുത്ത ചുവപ്പ് ചായക്കൂട്ടുകളും വേഷഭൂഷാതികളും കാരണം കുട്ടികള്‍ അടുക്കാന്‍ മടിക്കുന്ന രൂപമാണ് നീലകരിങ്കാളി തെയ്യത്തിന്റേത്. എന്നാല്‍, യാതൊരു ഭയവുമില്ലാതെയാണ് തമ്പുരു തെയ്യത്തിന്റെ അടുത്തേയ്ക്ക് വന്നതും മടിയില്‍ കയറി ഇരുന്നതും.
രഹനേഷ് സുകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ ട്വന്റിഫോര്‍ ന്യൂസ്.കോമുമായി പങ്കുവയ്ക്കുകയാണ് തെയ്യം കെട്ടിയ ബിനു എന്ന യുവാവ്. തെയ്യ കോലത്തില്‍ ഉത്സവപറമ്പില്‍ എത്തിയപ്പോഴാണ് അവിടുത്തെ കുട്ടിയെ ബിനു കൈകാണിച്ച് വിളിച്ചപ്പോള്‍ തന്നെ കുട്ടി അടുത്തേക്ക് വരികയും മടിയില്‍ കയറി ഇരിക്കുകയുമായിരുന്നു. അമ്മയാരാണെന്ന് ചോദിച്ചപ്പോള്‍ താന്‍ മടിയിലിരിക്കുന്നയാളാണെന്നായിരുന്നു കുഞ്ഞിന്റെ നിഷ്കളങ്കമായ ഉത്തരം.
തന്റെ ഇത്ര നാളത്തെ പരിചയത്തില്‍ ഭയമേതുമില്ലാതെ മറ്റൊരു കുട്ടിയും അടുത്ത് വന്നിട്ടില്ലെന്ന് ബിനു പറയുന്നു. ഏത് കുട്ടിയും ആദ്യം കരഞ്ഞ ശേഷമാകും അടുക്കുക. അപ്പോഴും തെയ്യ വേഷം കാണുമ്പോഴുള്ള ഭയം കണ്ണുകളിലുണ്ടാകും. എന്നാല്‍ ഈ കുഞ്ഞിന്റെ പെരുമാറ്റം അതിശയിപ്പിച്ചുവെന്ന് ബിനു കൂട്ടിച്ചേര്‍ത്തു. ബിനു തന്റെ പതിമൂന്നാം വയസ് മുതല്‍ തെയ്യ വേഷം കെട്ടാന്‍ തുടങ്ങിയത്. അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ബിനുവിന് ഉള്ളത്. ബിനുവിന്റെ അച്ഛന് ഡ്രൈവറാണ്.
Discussion about this post