കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും മൂന്നുവര്‍ഷമായി എഴുന്നേല്‍ക്കാതെ കിടന്ന കിടപ്പില്‍ കിടന്ന യുവാവിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം. ശ്വസനത്തിനായി കഴുത്തില്‍ ദ്വാരമിട്ടിരുന്ന തിരുവാര്‍പ്പ് സ്വദേശിയായ 22-കാരനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം നല്‍കിയത്.
ന്യൂറോ സര്‍ജറി മേധാവി ഡോ. പി.കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് 22കാരന് പുതിയ ജീവിതം നല്‍കിയത്. ശസ്ത്രക്രിയയിലൂടെ കഴുത്തിലെ ദ്വാരമടയ്ക്കുകയും ശ്വസനപ്രക്രിയ സാധാരണരീതിലാക്കുകയും ചെയ്തു. രോഗി ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഇടയ്ക്കിടെ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെട്ട് വീണുപോകുന്നതായിരുന്നു ഈ 22കാരനെ അലട്ടിയത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആരംഭം. പരിശോധനയില്‍ സുഷുമ്‌നാനാഡിയിലെ തകരാറെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതോടെ രോഗം മാറി. മൂന്നുവര്‍ഷം മുമ്പ് കോട്ടയത്ത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീണ്ടും അസുഖമുണ്ടായി. മാസങ്ങളോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണമായും കിടപ്പിലാകുന്ന സ്ഥിതിയിലുമായി.
ശ്വസനത്തിനായി കഴുത്തില്‍ ദ്വാരമിടുകയുംചെയ്തു. മൂക്കിലിട്ട കുഴലിലൂടെയാണ് ഭക്ഷണം നല്‍കിയിരുന്നത്. രണ്ടാഴ്ച മുമ്പാണ് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.