കേരളത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളില്ലാത്തത് ആശങ്ക; കോവിഡ് കേസ് വർധനവിന്റെ കാരണം തേടി നീതി ആയോഗ്

covid Kerala

കോട്ടയം: കേരളത്തിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കുന്നതിന് കാരണമായെന്ന ആശങ്ക തുറന്ന് പറഞ്ഞ് നീതി ആയോഗ്. കേരളം ആർടിപിസിആർ പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ് കുമാർ പോൾ നിർദേശിച്ചു.

നിലവിൽ രാജ്യത്തെ പകുതിയോളം കോവിഡ് കേസുകൾ കേരളത്തിൽ നിന്നാണ്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്താകെ 1,36,549 പേരാണ് കോവിഡ് പോസിറ്റീവായി തുടരുന്നത്. ഇതിൽ 61,030 പേർ കേരളത്തിലാണ്. 45 ശതമാനത്തോളം കോവിഡ് രോഗികളും കേരളത്തിലാണ് എന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

കോവിഡ് രോഗികളിൽ 73 ശതമാനം പേർ ഇപ്പോൾ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ 38,307 പേരാണ് വ്യാഴാഴ്ച വൈകീട്ട് കോവിഡ് പോസിറ്റീവായുള്ളത്.

കോവിഡ് കേസുകൾ വർധിക്കുന്നതിനിടെയിലും കോവിഡ് മരണനിരക്ക് കേരളത്തിൽ കുറവാണെന്നത് ആശ്വാസകരമാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 51,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, കേരളത്തിൽ 4,016 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്-12,432, കർണാടക-12,273, ഡൽഹി-10,894, പശ്ചിമബംഗാൾ-10,235, ഉത്തർപ്രദേശ്-8,704, ആന്ധ്രാപ്രദേശ്-7,163, പഞ്ചാബ്-5,712, ഗുജറാത്ത്-4,402 എന്നിവയാണ് മരണനിരക്ക് കൂടുോതലുള്ള സംസ്ഥാനങ്ങൾ.

Exit mobile version