വീട് ക്ലാസ്മുറിയാക്കി ഈ അമ്മയും മകനും; സർക്കാർ ജോലി ലക്ഷ്യം; ഒരുമിച്ച് പരീക്ഷ തയ്യാറെടുപ്പും പഠനവും

ആലപ്പുഴ: ഒരു സർക്കാർ ജോലി എന്ന ഏതൊരു സാധാരണക്കാരന്റേയും സ്വപ്‌നമാണ്. വരുന്ന പരീക്ഷകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ തീയതി വന്നതോടെ കഠിനമായ തയ്യാറെടുപ്പിലാണ് അപേക്ഷകരെല്ലാം. ഇതിനിടെ വീട് തന്നെ ക്ലാസ്മുറിയാക്കി പഠനം തുടരുകയാണ് ഇവിടെ ഒരു അമ്മയും മകനും.

വൈകുന്നേരമായാൽ പിന്നെ മറ്റ് ചിന്തകളൊന്നുമില്ല, പഠിതാക്കളായി അമ്മയും മകനും ഹാജർ. പിന്നെ മണിക്കൂറുകൾ നീളുന്ന പഠനമാണ്. പരസ്പരം ചോദ്യങ്ങൾ ചോദിച്ചും ഉത്തരം കണ്ടെത്തിയും സംശയങ്ങൾ തീർത്തും പഠനം നീങ്ങും. ഇരുവരുടേയും ലക്ഷ്യം ഒന്നുമാത്രം. സർക്കാർജോലി തന്നെ.

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണ് അമ്മ രാജി ഗിരീഷും മകൻ ശ്രാവൺ ഗിരീഷും. ഒരുമിച്ചാണ് ഇരുവരും പഠിക്കുന്നത്. 39 വയസ്സുകാരിയായ രാജിക്ക് ഇത് പിഎസ്‌സി പരീക്ഷയ്ക്കുള്ള അവസാന അവസരമാണ്. അതുകൊണ്ടുതന്നെ കഠിനമായ പരിശ്രമത്തിലുമാണ്. മകൻ 21കാരനായ ശ്രാവണിന് കന്നി അങ്കമാണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത പഠനത്തിലാണ് ശ്രാവണും.

ആലപ്പുഴ ലജ്‌നത്ത് വാർഡിൽ ശ്രാവണത്തിൽ ഗിരീഷിന്റെ ഭാര്യയായ രാജിയും മകനായ ശ്രാവണും നാളുകളായി പിഎസ്‌സിക്കായി ഒരുമിച്ചിരുന്നാണ് പഠനം. വീടിന്റെ ടെറസാണ് പഠനകേന്ദ്രം. ഇപ്പോൾ രാജിയുടെ അനുജത്തി ഷീബയും ഇവർക്കൊപ്പം പഠനത്തിനായി ചേർന്നിട്ടുണ്ട്.

Exit mobile version