പാലക്കാട്: റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.
വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ് എന്നിവയടക്കമുള്ള വിവിധ കാരണങ്ങളാല്‍ കാര്‍ഡില്‍ ഉള്‍പ്പെടാതെപോയ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അപേക്ഷകര്‍ക്ക് ഉത്തരവ് ഗുണകരമാവും. കാര്‍ഡ് തിരുത്തല്‍ അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാല്‍മാത്രം പുതിയ കാര്‍ഡ് പ്രിന്റ് ചെയ്തുനല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ആര്‍സിഎംഎസ്) ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം നിലവിലെ കാര്‍ഡില്‍ത്തന്നെ രേഖപ്പെടുത്തി നല്‍കാനും ജില്ലാ, താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള അധികച്ചെലവും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യം.