‘കെ സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം’; രാഹുല്‍ ഗാന്ധി മുന്‍കൈ എടുക്കണമെന്ന് കെകെ രാഗേഷ് എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സിക്കണമെന്നും കെകെ രാഗേഷ് എംപി.

പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. കെ സുധാകരനെ കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും അതിന് രാഹുല്‍ ഗാന്ധി മുന്‍കൈ എടുക്കണമെന്നും കെകെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്ന് സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. കാസര്‍ഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

”കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം.
കെ കെ രാഗേഷ് എം പി”

Exit mobile version