‘പാലവും തുരങ്കവും നിര്‍മ്മിച്ചു, ശ്രീധരന് ഇനി കുഴിക്കാന്‍ ഇറങ്ങാം’: മെട്രോ മാന്റെ ബിജെപി പ്രവേശനത്തിനെതിരെ എന്‍എസ് മാധവന്‍

തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

‘പാലവും തുരങ്കവും നിര്‍മ്മിച്ച ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം’ എന്ന് എന്‍എസ് മാധവന്‍ കുറിച്ചു.

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാള്‍ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താന്‍ ബിജെപിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാര്‍ട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

‘കേരളത്തില്‍ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികള്‍ കൃത്യമായി ചെയ്യുക എന്നിവയില്‍ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ കൂടുതല്‍ പേര്‍ കൂടെ വരും. ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.’

ബിജെപി കേരളനേതൃത്വവുമായി മാത്രം നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും കേരളസര്‍ക്കാരുമായുള്ള ഔദ്യോഗിക ബന്ധം മുമ്പ് തന്നെ അവസാനിപ്പിച്ചതാണെന്നും ഇ ശ്രീധരന്‍ പറയുന്നു. കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു കേരളസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത്. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഔദ്യോഗികബന്ധം തുടരില്ല. ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version