വാവ സുരേഷിന് നന്ദി പറഞ്ഞ്, വീട്ടിലെത്തിയ ‘അതിഥി’യുമായി വികെ പ്രശാന്ത്; എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: വീട്ടില്‍ നിന്നും പിടികൂടിയ അണലിയുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. ‘പാമ്പ് പിടിത്ത’ പോസ്റ്റിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

വീട്ടിലെത്തിയ അണലിയെ വാവ സുരേഷിന്റെ സഹായി പിടിച്ച് കുപ്പിയിലാക്കിയ ഫോട്ടോയാണ് വികെ പ്രശാന്ത് പോസ്റ്റ് ചെയ്തത്. വാവ സുരേഷിന് നന്ദി അറിയിച്ചുള്ളതായിരുന്നു എംഎല്‍എയുടെ പോസ്റ്റ്.

എന്നാല്‍ എംഎല്‍എ തന്നെ അശാസ്ത്രീയമായ സന്ദേശം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
#വട്ടിയൂര്‍ക്കാവ് ”കാവ് ഫെസ്റ്റ്” കഴിഞ്ഞ് ഇന്ന് വീട്ടിലെത്തിയപ്പോള്‍ മണി 11.10 .. വീട്ടില്‍ കണ്ടതോ ഒരു കിടിലന്‍ അതിഥി ”അണലി ”പിന്നെ ഒന്നും നോക്കിയില്ല ഉടനടി തന്നെ വാവസുരേഷിനെ വിളിച്ചു ”ചേട്ടാ ഞാന്‍ പത്തനംതിട്ടയിലാണുള്ളത് ” ഉടനടി തന്നെ ഒരു ആളെ അയക്കാമെന്ന് സുരേഷ് .. 15 മിനിറ്റ് ആയില്ല ആളെത്തി , ആശാനെയും കുപ്പിയിലാക്കി ആള് സ്ഥലംവിട്ടു ..വാവസുരേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഡോ. ജിനേഷ് പിഎസിന്റെ പോസ്റ്റിങ്ങനെ:

ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന താങ്കളെപ്പോലെ ഒരു ജനപ്രതിനിധി ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടു കണ്ടതില്‍ നിരാശയുണ്ട്. മനുഷ്യര്‍ക്കും പാമ്പുകള്‍ക്കും അപകടകരമായ രീതിയില്‍ പാമ്പുകളെ പിടിക്കുന്നത് തടയാന്‍ വനംവകുപ്പ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതും ഈ ഭരണത്തില്‍ തന്നെ തുടക്കമിട്ട നിരവധി നല്ല കാര്യങ്ങള്‍.

ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ പരിശീലനം കൊടുക്കുകയും അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ ജില്ല തിരിച്ചുള്ള ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സര്‍പ്പ എന്ന സര്‍ക്കാരിന്റെ തന്നെ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്.

ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പുകളെ തുണി സഞ്ചിയില്‍ ആക്കി റസ്‌ക്യൂ ചെയ്യുന്ന വീഡിയോകള്‍ ഇപ്പോള്‍ സുലഭമാണ്. പാമ്പുകളെ കൈകൊണ്ട് പിടിച്ച് ഷോ കാണിക്കുന്നത് ഇപ്പോള്‍ കുറഞ്ഞു വരികയാണ്. പണ്ട് അങ്ങനെ ഷോ കാണിച്ചിരുന്ന പലരും ഇപ്പോള്‍ ഉപകരണങ്ങളുടെ സഹായത്തോടെ വലിയ തുണിസഞ്ചിയില്‍ പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ഇതൊക്കെ സമൂഹത്തിലുണ്ടായ ചില പ്രതികരണങ്ങളുടെയും വനം വകുപ്പിന്റെ ഊര്‍ജിതമായ ശ്രമങ്ങളുടെയും ഫലമാണ്. അത്തരത്തില്‍ ഒരു കാലത്ത് അശാസ്ത്രീയമായ ഒരു സന്ദേശം താങ്കളെപ്പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇവിടെ ഇങ്ങനെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലക്ഷക്കണക്കിന് പേര്‍ താങ്കളെപ്പോലുള്ള യുവ നേതാക്കളെ ഉറ്റു നോക്കുന്നുണ്ട്.

Posted by VK Prasanth on Wednesday, 17 February 2021

Exit mobile version