തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വലഞ്ഞ് പോലീസ്. പുളിമൂട്ടിനും എജീസ് ഓഫീസിനുമിടയ്ക്ക് പ്രവര്‍ത്തനക്ഷമമായി ആകെയുള്ളതു സമര ഗേറ്റിന്റെ എതിര്‍വശം മരയ്ക്കാര്‍ മോട്ടോഴ്‌സിനു മുന്നിലുള്ള ക്യാമറ മാത്രം. ഇതു നൈറ്റ് വിഷന്‍ ക്യാമറയുമല്ല. ദൃശ്യങ്ങള്‍ പതിയണമെങ്കില്‍ പകല്‍ പോലെ വെളിച്ചമുണ്ടാകണം. ഇന്നലെ നടന്ന അത്യാഹിതം ഈ ക്യാമറയുടെ പരിധിയില്‍ വരികയുമില്ല.
ഇനി ഏതെങ്കിലും സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുളള ക്യാമറ ദൃശ്യങ്ങളില്‍ നിന്നു വേണം തെളിവുകള്‍ ശേഖരിക്കാന്‍. നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ വര്‍ഷം തോറും പോലീസ് കോടികള്‍ മുടക്കുമ്പോഴത്തെ സ്ഥിതിയാണിത്. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തായി ക്യാമറയുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെയാണു പോലീസ് ആശ്രയിക്കുന്നത്.
പുളിമൂട്ടില്‍ റൊട്ടേഷന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നവയല്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുനൂറോളം നിരീക്ഷണ ക്യാമറകളാണു പോലീസ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 75% ക്യാമറകളും രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴയുന്നവയല്ല. മിക്കവയും പ്രവര്‍ത്തന രഹിതവും.