കാഞ്ഞിരപ്പള്ളി: അങ്കണവാടിയിലെ കുരുന്ന് മക്കളോട് കള്ളന്റെ ചതി. വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ കള്ളന് കാര്യമായ ഒന്നും മോഷ്ടിക്കാനില്ലെന്ന് കണ്ട് കുഞ്ഞുങ്ങളുടെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് പണം മോഷ്ടിച്ചു. അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് ആകെയുണ്ടായിരുന്ന ആറ് രൂപയാണ് കള്ളന് മോഷ്ടിച്ചത്.
പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27-ാം നമ്പര്‍ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണശ്രമം നടന്നത്. അങ്കണവാടിയിലെ കുട്ടികള്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുടുക്ക കീറിയാണ് ഇതില്‍ സൂക്ഷിച്ചിരുന്ന ആറ് രൂപ മോഷ്ടിച്ചത്. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.
അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെവന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്. രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചശേഷം നടത്തിയ പരിശോധനയില്‍ മറ്റ് സാധനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്ന് മനസ്സിലായി.
കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള ഭക്ഷണസാധനങ്ങളടക്കം ഇവിടെ സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ അങ്കണവാടി ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post